പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത്
കുട്ടികള്‍ക്കൊപ്പം പങ്കിട്ട് കഴിച്ച് സ്റ്റാലിന്.
1 min read
ചെന്നൈ: തിരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാര്‍ സ്കൂളുകളിലെ ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനവ്യാപകമായി സൗജന്യ പ്രഭാതഭക്ഷണ പദ്ധതിയുടെ ആദ്യഘട്ടം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് വ്യാഴാഴ്ച മധുരയില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പമിരുന്നാണ് അദ്ദേഹം ഭക്ഷണ കഴിച്ചത്. കൂടാതെ ഇരുവശങ്ങളിലുമിരുന്ന കുട്ടികള്‍ക്ക് ഭക്ഷണം വാരിക്കൊടുക്കുകയും ചെയ്തു.
വിദ്യാഭ്യാസത്തോടൊപ്പം സ്കൂളുകളില്‍ ഭക്ഷണം നല്‍കുന്നത് ചെലവല്ല, സര്‍ക്കാരിന്റെ കടമയാണെന്ന് എംകെ സ്റ്റാലിന് പറഞ്ഞു. ഒരു നൂറ്റാണ്ട് മുമ്പ് 1922ല്‍ അന്നത്തെ മദ്രാസ് കോര്പ്പറേഷന് മേയറും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായിരുന്ന പി.തിയാഗരായ ചെട്ടിയാണ് ഉച്ചഭക്ഷണ പരിപാടി ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തുടനീളമുള്ള നിരവധി സംസ്ഥാനങ്ങള്‍ സൗജന്യ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം 1.14 ലക്ഷം കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 33.56 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. 417 ?ന?ഗരങ്ങള്‍, 163 ജില്ലകള്‍, 728 ?ഗ്രാമപ്രദേശങ്ങള്‍, 237 വിദൂര മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ 1545 സ്കൂളുകളില്‍ ഘട്ടം ഘട്ടമായി പദ്ധതി നടപ്പില്‍ വരുത്തും. പ്രഭാത ഭക്ഷണ പദ്ധതിയില്‍ ഉപ്മ, കിച്ചടി, പൊങ്കല്‍, റവ കേസരി അല്ലെങ്കില്‍ സേമിയ കേസരി എന്നിങ്ങനെയാണ് മെനു തയ്യാറാക്കിയിരിക്കുന്നത്. ഒരു കാരണത്തിന്റെ പേരിലും ആര്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.