എഴുപത്തിരണ്ടുകാരന്‍ ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു

1 min read

ഡെറാഡൂണ്‍: എഴുപത്തിരണ്ടുകാരനായ ഭര്‍ത്താവ് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നു. ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിലെ ദലന്‍വാലയിലാണ് സംഭവം നടന്നത്. 53 കാരിയായ ഭാര്യ ഉഷ ദേവിയെയാണ് റാം സിംഗ് എന്നയാള്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നത്. ഇയാള്‍ ഒരു ഫാസ്റ്റ്ഫുഡ് സ്റ്റാള്‍ ഉടമയാണ്.

കഴിഞ്ഞ ദിവസം റാം സിംഗ് വീടിന് അടുത്തുള്ള അംബുലന്‍സ് ഫോണ്‍ ചെയ്ത് വരുത്തി ഭാര്യയെ പരിക്കുകളോടെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കോണിപ്പടിയില്‍ നിന്നും ഭാര്യ വീണുവെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ ഉഷ ദേവി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇതോടെ റാം സിംഗ് താന്‍ ഭാര്യയെ കൊലപ്പെടുത്തിയതായി തുറന്നുപറഞ്ഞു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി റാം സിംഗിനെ അറസ്റ്റ് ചെയ്തു.

പൊലീസിനെ ഉദ്ധരിച്ച് സംഭവം ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെയാണ്, റാം സിംഗ് രണ്ട് വര്‍ഷം മുന്‍പാണ് ഉഷ ദേവിയെ വിവാഹം കഴിച്ചത്. റാം സിംഗിന്റെ ഭാര്യയും മകനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. 14 വയസുള്ള കൊച്ചുമകനും ഉഷദേവിക്കും ഒപ്പം ഡെറാഡൂണിലെ ബാല്‍ബീര്‍ ബോര്‍ഡിലാണ് ഇയാള്‍ താമസിച്ചുവന്നിരുന്നത്.

എന്നാല്‍ വിവാഹത്തിന് ശേഷം ബന്ധം അത്ര സുഖകരമല്ലെന്നാണ് റാം സിംഗ് തന്നെ പറയുന്നത്. പല ദിവസങ്ങളും വീട്ടില്‍ പലകാര്യത്തിലും വഴക്ക് നടക്കുമായിരുന്നു. പാചക കാര്യം സംബന്ധിച്ചാണ് പലപ്പോഴും വഴക്ക് ഉണ്ടാകാറ്. സംഭവം നടന്ന തിങ്കളാഴ്ച പതിവ് പോലെ രാത്രി വീട്ടിലെത്തിയ റാം സിംഗ് അത്താഴം ആവശ്യപ്പെട്ടെങ്കിലും പാചകം ചെയ്യാന്‍ ഉഷദേവി തയ്യാറായില്ല. ഇതോടെ വലിയ രീതിയില്‍ തര്‍ക്കമായി. തര്‍ക്കം രൂക്ഷമായപ്പോള്‍ ദേഷ്യം വന്ന റാം സിംഗ് ക്രിക്കറ്റ് ബാറ്റ് എടുത്ത് ഉഷദേവിയെ അടിച്ചു. അവര്‍ അപ്പോള്‍ തന്നെ നിലത്ത് വീണു.

തുടര്‍ന്നാണ് അംബുലന്‍സ് വിളിച്ചതും മരണം സ്ഥിരീകരിച്ചതും. അതേ സമയം ഉഷ ദേവിയും മുന്‍പ് വിവാഹം കഴിച്ചതാണ്. ഇതില്‍ ഇവര്‍ക്ക് ഒരു മകനുണ്ട്. കരണ്‍ ശിവപുരി എന്ന ഈ മകന്‍ പൊലീസ് തിരയുന്ന പ്രധാന കുറ്റവാളിയാണ്. ഇയാളുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.

Related posts:

Leave a Reply

Your email address will not be published.