ജോലി കിട്ടിയിട്ട് മതി വിവാഹമെന്ന് പറഞ്ഞു; അമ്മയെ മകന്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചു കൊലപ്പെടുത്തി
1 min readഭോപ്പാല്‍: ജോലി കിട്ടാതെ വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് 67 കാരിയായ അമ്മയെ 32കാരന്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ടു അടിച്ചു കൊലപ്പെടുത്തിയതായി പരാതി. ഭോപ്പാലിലെ കോഹെഫിസ പ്രദേശത്താണ് സംഭവം. അസ്മ ഫാറൂഖ് ആണ് കൊല്ലപ്പെട്ടത്. ഇവര്‍ മകനായ അത്ഹുള്ളയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. പ്രതി ബികോം ബിരുദധാരിയായ ഫര്‍ഹാന്‍ (32) ആണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്‌ഐ പ്രദീപ് ഗുര്‍ജാര്‍ പറഞ്ഞു. ചൊവ്വാഴ്ച അത്ഹുള്ള തന്റെ മാതാവിനെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടമരണമാണെന്നായിരുന്നു ആദ്യം കരുതിയത്. ടെറസില്‍ നിന്ന് വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചെന്നാണ് കുടുംബം വിശ്വസിച്ചത്. അങ്ങനെയായിരുന്നു ഫര്‍ഹാന്‍ എല്ലാവരോടും പറഞ്ഞത്. എന്നാല്‍, ബുധനാഴ്ച ഫര്‍ഹാന്‍ രക്തക്കറകളുള്ള ക്രിക്കറ്റ് ബാറ്റ് ഒളിപ്പിച്ച് വെക്കുന്ന അത്ഹുള്ള കണ്ടു. അത്ഹുള്ള ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വിവാഹത്തിന് എതിര്‍ത്ത മാതാവിനെ താന്‍ കൊലപ്പെടുത്തിയതയാണെന്നും പൊലീസിനെ അറിയിച്ചാല്‍ സഹോദരനെയും കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ അത്ഹുള്ള പൊലീസിനെ വിവരമറിയിച്ചു. പൊലീസുകാര്‍ എത്തി സാഹസികമായാണ് ഫര്‍ഹാനെ പിടികൂടി അറസ്റ്റ് ചെയ്തത്.