അമിതവേഗതയില്‍ വാഹനമോടിച്ചു, ചോദ്യം ചെയ്ത ഡിവൈഎഫ്‌ഐക്കാരെ തോക്ക് ചൂണ്ടി ആക്രമിച്ചെന്ന് പരാതി
1 min read
കൊച്ചി: പുതുവൈപ്പിനില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ ലഹരിസംഘം തോക്ക് ചൂണ്ടി ആക്രമിച്ചതായി പരാതി. ഇടറോഡില്‍ അമിതവേഗതയില്‍ വാഹനമോടിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്നാണ് പരാതി. പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ലഹരിസംഘത്തിലെ പ്രധാനികളെന്നാണ് ഡി വൈ എഫ് ഐ ആരോപണം. ഇരുകൂട്ടരുടെയും പരാതിയില്‍ കേസെടുത്ത പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
സൗത്ത് പുതുവൈപ്പിനിലെ പ്രിയദര്‍ശിനി റോഡില്‍ പ്രദേശവാസിയായ സോണി സണ്ണിയും കൂട്ടുകാരും അമിതവേഗതയില്‍ വാഹനം ഓടിച്ചത് നാട്ടുകാരാണ് ആദ്യം ചോദ്യം ചെയ്തത്. സ്‌കൂള്‍ കുട്ടികളടക്കം യാത്ര ചെയ്യുന്ന റോഡില്‍ ഈ രീതിയില്‍ വാഹനം ഓടിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും മാറ്റമുണ്ടായില്ല. ഇതോടെയാണ് പ്രദേശത്തെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെടുന്നത്. തുടര്‍ന്ന് വാക്കുതര്‍ക്കം കൈയ്യാങ്കളിയിലെത്തി. മൂന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.
സോണി സണ്ണിയും ഒപ്പമുള്ളവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ലഹരിസംഘത്തിലെ പ്രധാനി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സോണി സണ്ണിയെന്നാണ് ആരോപണം. എളകുന്നപ്പുഴ പഞ്ചായത്ത് മെമ്പറുടെയും എക്‌സൈസ് ഉദ്യോഗസ്ഥരുടെയും പിന്തുണ ഈ സംഘത്തിനുണ്ടെന്നും ഡി വൈ എഫ് ഐ ആരോപിച്ചുണ്ട്. കുറ്റക്കാരെങ്കില്‍ പാര്‍ട്ടി തലത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രതികരണം. കൊച്ചി നഗരത്തോട് ചേര്‍ന്നുള്ള പുതുവൈപ്പ് പ്രദേശത്ത് ലഹരി ഉപയോഗം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കുത്തനെ കൂടിയെന്നാണ് നാട്ടുകാരും പറയുന്നത്. നാട്ടുകാരുടെ പരാതിയില്‍ നേരത്തെ ആരോപണ വിധേയന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസിന്റെ ന്യായീകരണം.