മയക്കുമരുന്ന് സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവം; ഒരാള്‍ കൂടി പിടിയില്‍

1 min read

കോഴിക്കോട്: കോഴിക്കോട് മയക്കുമരുന്ന് സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി സക്കറിയ ആണ് പിടിയിലായത്. നാല് പേരെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്നലെ രാത്രിയിലാണ് ലഹരി സംഘം കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ അരവിന്ദ് ഷാജിയെ തട്ടിക്കൊണ്ട് പോയത്. പൊലീസ് പിന്നീട് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ലഹരി ഇടപെടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു യുവാവിനെ ലഹരി സംഘം തട്ടിക്കൊണ്ട് പോയത്.

ലഹരി വസ്തുക്കള്‍ നല്‍കാമെന്ന ഉറപ്പിന്‍മേല്‍ പണം വാങ്ങിയ ശേഷം വഞ്ചിച്ചത് കൊണ്ടാണ് അരവിന്ദ് ഷാജിയെ സംഘം തട്ടിക്കൊണ്ട് പോയത്. അരവിന്ദ് ഷാജിയെ തട്ടിക്കൊണ്ട് പോയെന്ന് പറഞ്ഞ് വൈകിട്ട് നാല് മണിയോടെയാണ് വീട്ടിലേക്ക് ഫോണ്‍ വന്നത്. ഇരുപതിനായിരം രൂപ നല്‍കിയാല്‍ വിട്ടയക്കാമെന്നായിരുന്നു ഭീഷണി കലര്‍ന്ന ആ ഫോണ്‍ കോള്‍. അരവിന്ദിന്റെ അമ്മ നല്‍കിയ പരാതിയെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു. രാത്രി എട്ട് മണിയോടെ വെള്ളയില്‍ ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയില്‍ അരവിന്ദ് ഷാജിയുമായി ആറംഗ സംഘം സഞ്ചരിക്കുകയായിരുന്ന കാര്‍ പൊലീസ് കണ്ടെത്തി. അരവിന്ദ് ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തു. രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഒരാളെ പിന്നീട് പിടികൂടി.

വയനാട് പടിഞ്ഞാറത്തറ സ്വദേശി ഇര്‍ഷാദ്, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അനസ്, സഫീര്‍, നിസാമുദ്ദീന്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇര്‍ഷാദിന് ലഹരി വസ്തുക്കള്‍ നല്‍കാമെന്ന് പറഞ്ഞ് അരവിന്ദ് പതിനായിരം രൂപ വാങ്ങിയെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് ലഹരി വസ്തുക്കള്‍ നല്‍കാതെ വഞ്ചിച്ചതോടെ അരവിന്ദിനെ തട്ടിക്കൊണ്ട് പോകാന്‍ ഇര്‍ഷാദും സുഹൃത്തുക്കളും തീരുമാനിക്കുകയായിരുന്നു. അരവിന്ദും ലഹരി മാഫിയയുടെ കണ്ണിയാണെന്ന് പൊലീസ് അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.