ആശങ്ക വിതച്ച് കൊമ്പന്‍ പിടി 7 വീണ്ടും ജനവാസമേഖലയില്‍

1 min read

പാലക്കാട്. ധോണിയില്‍ ആശങ്ക വിതയ്ക്കുന്ന കൊമ്പന്‍ പിടി 7 വീണ്ടും ജനവാസമേഖലയില്‍. ധോണി ക്ഷേത്രത്തിനു സമീപവും സ്വകാര്യ കോളജിനു പിന്നിലുള്ള കൃഷിയിടത്തിലും ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമാണ് മറ്റു ആനകള്‍ക്കൊപ്പം കൊമ്പനെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പടക്കം പൊട്ടിച്ചെങ്കിലും ഏറെ നേരം വനാതിര്‍ത്തിയില്‍ ആനക്കൂട്ടം നില്‍ക്കുകയായിരുന്നു.

ജനവാസമേഖലയില്‍നിന്ന് വനാതിര്‍ത്തിയിലേക്കു പിന്‍വാങ്ങിയ പിടി ഏഴാമനെ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ധോണി ചേറ്റില്‍ വെട്ടിയ ഭഗവതി ക്ഷേത്ര പരിസരത്തെ നെല്‍പ്പാടത്ത് കണ്ടത്. കഴിഞ്ഞ ദിവസം രാവിലെ ധോണിയിലിറങ്ങിയ കാട്ടാനക്കൂട്ടവും പിടി ഏഴാമനൊപ്പമുണ്ടായിരുന്നു.

വനംവകുപ്പ് പടക്കം പൊട്ടിച്ച് തുരത്താന്‍ ശ്രമിച്ചെങ്കിലും പിന്‍വാങ്ങിയില്ല. ഏറെ നേരം കഴിഞ്ഞ് വനത്തിലേക്കു മാറിയ പിടി 7. ഇന്നു പുലര്‍ച്ചെ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പിടി ഏഴാമനെ മയക്കുവെടിവച്ച് പിടികൂടാന്‍ തീരുമാനിച്ചിരുന്നെങ്കിലും ആനക്കൂട്ടത്തിനൊപ്പമുള്ള യാത്ര തുടര്‍ന്നാല്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ വൈകുമെന്നാണു വനംവകുപ്പിന്റെ നിഗമനം.

പിടി ഏഴാമനെ മെരുക്കാനുള്ള കൂടിന്റെ നിര്‍മാണം ധോണിയില്‍ പൂര്‍ത്തിയായി. കുങ്കിയാനകളെ കയറ്റി കൂടിന്റെ ബലം കൂടി പരിശോധിച്ചാല്‍ മയക്കുവെടി ദൗത്യത്തിലേക്കു നീങ്ങാന്‍ കഴിയും.

Related posts:

Leave a Reply

Your email address will not be published.