ശബരിമലയില്‍ ഭക്തരെ പിടിച്ചു തള്ളിയ സംഭവത്തില്‍ വാച്ചറെ സസ്‌പെന്‍ഡ് ചെയ്തു

1 min read

പത്തനംതിട്ട: ശബരിമലയില്‍ ശ്രീകോവിലിനു മുന്നില്‍ തൊഴാന്‍ നിന്ന ഭക്തരെ പിടിച്ചു തള്ളിയ സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് വാച്ചറെ സസ്‌പെന്‍ഡ് ചെയ്തു. മണര്‍ക്കാട് ദേവസ്വത്തിലെ വാച്ചര്‍ അരുണ്‍കുമാറിനെയാണ് ദേവസ്വം ബോര്‍ഡ് അച്ചടക്കനടപടികളുടെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്തത്.

മകരവിളക്ക് ദിവസം ശ്രീകോവിലിന് മുന്നില്‍ നിന്ന അന്യസംസ്ഥാന ഭക്തനോട് അരുണ്‍കുമാര്‍ മോശമായി പെരുമാറുന്നതിന്റെ വീഡിയോ പ്രചരിച്ചിരുന്നു. അരുണ്‍കുമാറിന്റെ മോശം പെരുമാറ്റത്തിനെതിരെ വ്യാപകമായി പരാതികള്‍ ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ഹൈകോടതിയും രൂക്ഷവിമര്‍ശനം നടത്തി. ഭക്തരെ പിടിച്ചു തള്ളാന്‍ അനുമതി കൊടുത്തിരുന്നോയെന്ന് ദേവസ്വം ബോര്‍ഡിനോട് ക്ഷോഭത്തോടെ കോടതി ചോദിച്ചു. ഭക്തരുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ആരോപണവിധേയന് എങ്ങനെ കഴിഞ്ഞെന്നു ചോദിച്ച കോടതി മറ്റുപലരും ഭക്തരെ നിയന്ത്രിക്കുന്നുണ്ടല്ലോ എന്നു പറഞ്ഞു.

സംഭവം നീതികരിക്കാനാകാത്തതാണ്. ആരോപണവിധേയന്‍ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറിയത് എന്നും കോടതി ചോദിച്ചു.അരുണ്‍കുമാറിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ഇയാള്‍ക്കെതിരെ എന്ത് നടപടി എടുത്തുവെന്ന് വിശദീകരിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

ആദ്യഘട്ടത്തില്‍ അരുണ്‍കുമാറിനെ ന്യായികരിക്കച്ചെങ്കിലും ഹൈക്കോടതി ഇടപെടലും വ്യാപകമായി ഉയര്‍ന്ന പരാതികളെ തുടര്‍ന്നും ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിക്കുകയായിരുന്നു.

മകരവിളക്ക് ദിവസമായ ശനിയാഴ്ചയായിരുന്നു വിവാദമായ സംഭവം. തിരുവാഭരണം ചാര്‍ത്തിയുള്ള അയ്യപ്പനെ കാണാന്‍ വരി നിന്ന ഭക്തരെയാണ് ഇയാള്‍ ബലമായി തള്ളിമാറ്റിയത്. സോപാനത്ത് മുന്നിലെ ത്തെ വരിയില്‍ നിന്ന് ദര്‍ശനം നടത്തിയവരെയാണ് ഇയാള്‍ പിടിച്ചുതള്ളിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് നടപടിയെടുത്തത്. വിഷയം ഹൈക്കോടതി ജനുവരി 24 ന് വീണ്ടും പരിഗണിക്കും.

Related posts:

Leave a Reply

Your email address will not be published.