വിഴിഞ്ഞം സമരപന്തലില്‍ സുധീരന്‍, സുധീരന്റെ കോലം കത്തിച്ച് മറുപക്ഷം

1 min read

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ പി സി സി മുന്‍ അധ്യക്ഷന്‍ വി എം സുധീരനും സമരപന്തലില്‍ എത്തി. മുല്ലൂരിലെ തുറമുഖ കവാടത്തിലെ രാപ്പകല്‍ സമര പന്തലിലെത്തിയ സുധീരന്‍ പ്രധാനമായും ആവശ്യപ്പെട്ടത് അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ച് മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നതാണ്.

മുല്ലൂരിലെ തുറമുഖ കവാടത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തി വരുന്ന രാപ്പകല്‍ സമര പന്തലില്‍ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം. അദാനിയുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ ആവേശം കൊളളുന്ന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളും കേള്‍ക്കണം. പ്രളയകാലത്ത് കേരളത്തിന്റെ രക്ഷാസൈന്യം എന്ന് വിളിച്ച സര്‍ക്കാര്‍ ഇപ്പോള്‍ മത്സ്യ തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് നേരെ മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. നാടിന്റെ വികസനം മുന്നില്‍ കണ്ട് വിഴിഞ്ഞം തുറമുഖ പദ്ധതി വരുന്നതിന് താന്‍ ജാഥ നടത്തിയിട്ടുണ്ട്. എന്നാല്‍, ഈ പദ്ധതി കാരണമുണ്ടായ തീരശോഷണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ജീവിക്കുകയാണ്. തീര ശോഷണത്തിന്റെ മുഖങ്ങളായി കോവളവും ശംഖുംമുഖവും മാറി. ഇതിന്റെ കാരണം കണ്ടെത്തുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് വിശ്വാസമുളള വിദഗ്ധ സമിതിയെകൊണ്ട് പഠനം നടത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. വികാരി ജനറല്‍ മാേണ്‍ യൂജീന്‍.എച്ച്.പെരേര, ഫാ.ഫ്രെഡിസോളമന്‍, ഫാ.എ.ആര്‍.ജോണ്‍, കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗം മണക്കാട് സുരേഷ്, ഡി.സി.സി. ജനറല്‍ സെക്രട്ടറി വിനോദ് യേശുദാസ്, ലത്തീന്‍ അതിരൂപതാ അല്‍മായരായ പാട്രിക് മൈക്കിള്‍, ജോയി ജെറാള്‍ഡ്തുടങ്ങിയവര്‍ പങ്കെടുത്തു.

അതേസമയം തുറമുഖം നിര്‍മ്മാണം നിറുത്തി വയ്ക്കണമെന്ന സുധിരന്റെ പ്രസ്താവനയ്‌ക്കെതിരെ ജനകീയ കൂട്ടായ്മ പ്രതിഷേധം അറിയിച്ചു. പ്രകടനം നടത്തിയ പ്രതിഷേധക്കരാര്‍ സുധീരന്റെ കോലവും കത്തിച്ചു. സത്യഗ്രഹ പന്തലില്‍ നിന്നും ആരംഭിച്ച പ്രകടനം മുക്കോല ജംഗ്ഷനില്‍ സമാപിച്ചു.തുടര്‍ന്ന് സമരസമിതി പ്രവര്‍ത്തകര്‍ സുധീരന്റ കോലം കത്തിച്ചു. വെങ്ങാനൂര്‍ ഗോപകുമാര്‍, മോഹനചന്ദ്രന്‍ നായര്‍, മുക്കോല സന്തോഷ്, പ്രവീണ്‍ ചന്ത്, വാഞ്ചു, ബിനു, പവനാസുധിര്‍ എന്നിവര്‍ സംസാരിച്ചു.

Related posts:

Leave a Reply

Your email address will not be published.