സമരപ്പന്തല്‍ പൊളിച്ചുനീക്കിയ ശേഷം തുറമുഖ നിര്‍മ്മാണം പുനരാരംഭിക്കും

1 min read

തിരുവനന്തപുരം: വിഴിഞ്ഞം സമരപ്പന്തല്‍ ഇന്ന് രാത്രി പൊളിച്ചുനീക്കും. തുറമുഖ കാവടത്തിലെ സമര പന്തല്‍ പൊളിച്ചു നീക്കിയതിന് ശേഷമായിരിക്കും തുറമുഖ നിര്‍മ്മാണം പുനരാരംഭിക്കുക. പന്തല്‍ പൊളിച്ച് നീക്കിയതിന് ശേഷം നിര്‍മാണ സാമഗ്രികള്‍ എത്തിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

140 ദിവസം പിന്നിട്ട സമരം ഒത്തു തീര്‍പ്പായ സാഹചര്യത്തില്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അദാനി ഗ്രൂപ്പ് ഉടന്‍ പുനരരാരംഭിക്കും. സമരം തീര്‍പ്പായ സാഹചര്യത്തില്‍ അദാനി ആവശ്യപ്പെട്ട 200 കോടി രൂപ സമര സമിതിയില്‍ നിന്നും ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകും. പകരം നിര്‍മ്മാണം തീര്‍ക്കാന്‍ സമയ പരിധി സര്‍ക്കാരിന് നീട്ടി കൊടുക്കേണ്ടി വരും. കരാര്‍ കാലാവധി തീര്‍ന്ന സാഹചര്യത്തില്‍ അദാനിയില്‍ നിന്നും ആര്‍ബിട്രേഷന്‍ ഇനത്തില്‍ നഷ്ട പരിഹാരം ഈടാക്കാനുള്ള സര്‍ക്കാര്‍ ശ്രമവും ഉപേക്ഷിച്ചേക്കും.

അതേസമയം, വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുറമുഖ നിര്‍മ്മാണത്തിന് പൊലീസ് സുരക്ഷ ഒരുക്കാനുള്ള കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രധാന പരാതി. ഉത്തരവ് നിലനില്‍ക്കെ വീണ്ടും സംഘര്‍ഷം ഉണ്ടാക്കി എന്നും കേന്ദ്രസേനയുടെ സംരക്ഷണം ഇല്ലാതെ നിര്‍മ്മാണം മുന്നോട്ട് കൊണ്ടുപോകാന്‍ ആകില്ലെന്നും ഹര്‍ജിക്കാര്‍ കോടതി അറിയിച്ചിരുന്നു.തുറമുഖ പ്രദേശമടങ്ങുന്ന അതീവ സുരക്ഷാ മേഖല കേന്ദ്ര സേനയ്ക്ക് കൈമാറുന്നതില്‍ കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. നിര്‍മ്മാണ പ്രദേശത്തിനകത്ത് കേന്ദ്ര സേനസുരക്ഷ ഒരുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചിട്ടുണ്ട്.

എന്നാല്‍, സമരം ഒത്തുതീര്‍പ്പായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ സ്വീകരിക്കുന്ന നിലപാടും നിര്‍ണ്ണായകമാകും. അതേസമയം വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷന്‍ അടക്കം ആക്രമിച്ചിട്ടും പൊലീസ് ഒന്നും ചെയ്തില്ലെന്നാണ് ഹര്‍ജിക്കാര്‍ അറിയിച്ചത്. നിര്‍മ്മാണ സാമഗ്രികളുമായി എത്തുന്ന വാഹനങ്ങള്‍ തടയില്ലെന്ന് സമരക്കാര്‍ കോടതിയില്‍ നല്‍കിയ ഉറപ്പ് ലംഘിച്ചെന്നും ഹര്‍ജിക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു. ജസ്റ്റിസ് അനു ശിവരാമന്റെ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.