തെലങ്കാനയില്‍ രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വീസില്‍; ഇത് ചരിത്രം.
1 min readതെലങ്കാനയില്‍ ചരിത്രം കുറിച്ച് രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വീസിലേക്ക്. പ്രാചി റാത്തോഡ്, റൂത്ത് ജോണ്‍ പോള്‍ എന്നിവരാണ് സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒസ്മാനിയ ജനറല്‍ ഹോസ്പിറ്റലില്‍ മെഡിക്കല്‍ ഓഫീസര്‍മാരായി സേവനമാരംഭിച്ചിരിക്കുന്നത്.
ന്യൂസ് ഏജന്‍സിയായ എഎന്‍ഐ യോട് സംസാരിക്കവേ ഡോ. റൂത്ത് ജോണ്‍ തനിക്ക് സമൂഹത്തില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളെ ഓര്‍ത്തെടുത്തു. ‘എന്റെ കുട്ടിക്കാലം മുതല്‍ ഞാന്‍ ഒരുപാട് അനുഭവിച്ചു. ഒരു ഡോക്ടറാകണമെന്ന സ്വപ്നം എന്നെക്കൊണ്ട് കഠിനാധ്വാനം ചെയ്യിപ്പിച്ചു. സമൂഹത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമെല്ലാം ഒരുപാട് അപമാനങ്ങള്‍ എനിക്ക് ഏറ്റുവാങ്ങേണ്ടി വന്നു. എങ്കിലും, ഞാനെന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സൂപ്രണ്ടിനോടും അധ്യാപകരോടും ഞാന്‍ നന്ദി പറയുന്നു എന്നെ ഇവിടെ വരെ എത്താന്‍ സഹായിച്ചത് അവരുടെ പിന്തുണയാണ്’ എന്ന് റൂത്ത് പറഞ്ഞു.
‘പഠനകാലം വളരെ കഠിനമായിരുന്നു. ഒരുപാട് അധ്വാനിച്ചാണ് ഇവിടെ എത്തിയത്. എല്ലാ അപവാദങ്ങളെയും അവ?ഗണിച്ച് ഞാന്‍ എന്റെ ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്നുമുള്ളവരും എന്നെ ഒരുപാട് സഹായിച്ചു. ഒസ്മാനിയ വരെ എത്താനും അവര്‍ സഹായിച്ചു’ എന്നും റൂത്ത് പറഞ്ഞു.
അച്ഛന്‍ ചെറുപ്പത്തില്‍ തന്നെ മരിച്ചുപോയ റൂത്തിനെ പഠനത്തില്‍ സഹായിച്ചത് സഹോദരനാണ്. അതിന് ശേഷം ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് വേണ്ടി ഒരു എന്‍ജിഒ നടത്തുന്ന ക്ലിനിക്കില്‍ പാര്‍ട്ട് ടൈം ഡോക്ടറായി പ്രവര്‍ത്തിച്ചു. ഒസ്മാനിയയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ ശേഷം സഹപ്രവര്‍ത്തകരില്‍ നിന്നോ രോ?ഗികളില്‍ നിന്നോ ഒന്നും മോശമായ പെരുമാറ്റമോ മാറ്റിനിര്‍ത്തലുകളോ ഉണ്ടായിട്ടില്ല എന്നും അവര്‍ പ്രതികരിച്ചു.
2015 ല്‍ അദിലാബാദിലെ ഒരു മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് പ്രാചി റാത്തോഡ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്. എന്നാല്‍, എത്രയൊക്കെ തന്നെ നേട്ടങ്ങളുണ്ടാക്കിയാലും സാമൂഹികമായ അപമാനിക്കലുകളും വിവേചനവും ഒരിക്കലും അവസാനിക്കുന്നില്ല എന്ന് പ്രാചി പ്രതികരിച്ചു.
‘എല്ലാ ട്രാന്‍സ്‌ജെന്‍ഡര്‍മാരെയും പോലെ തന്നെ ആയിരുന്നു തന്റെ ജീവിതവും, ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടായിരുന്നു. എംബിബിഎസ് കാലത്തും എമര്‍ജന്‍സി ഫിസിഷ്യനായി ജോലി ചെയ്യുമ്പോഴും ഒരുപാട് വിവേചനങ്ങള്‍ നേരിട്ടിട്ടുണ്ട്. ആ യാത്രകള്‍ നരകതുല്യമായിരുന്നു. എന്റെ ആത്മവിശ്വാസം ഒന്നുകൊണ്ട് മാത്രമാണ് ഞാനിപ്പോള്‍ ഇങ്ങനെ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്. എനിക്ക് ആരും പ്രചോദനമായിട്ടില്ല. എന്നാല്‍, ആര്‍ക്കെങ്കിലും ഞാന്‍ പ്രചോദനമാകണേ എന്നാണ് ആ?ഗ്രഹിക്കുന്നത്. എന്റെ കമ്മ്യൂണിറ്റിക്ക് വേണ്ടി എപ്പോഴും താന്‍ നിലകൊള്ളും’ എന്നാണ് പ്രാചി പ്രതികരിച്ചത്.