എല്‍ഡിഎഫ് ഭരണത്തില്‍ പൊലീസ് പ്രതികളായ 828 ക്രിമിനല്‍ കേസുകള്‍

1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായി 2016 മുതല്‍ 828 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പൊലീസ് സേനയില്‍ രാഷ്ട്രീയവല്‍ക്കരണം, ക്രിമിനല്‍ കേസുകള്‍ എന്ന വിഷയത്തില്‍ മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പൊലീസിലെ കുറ്റകൃത്യങ്ങള്‍ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തേക്കാള്‍ കുറഞ്ഞ് വരികയാണെന്നാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സഭയെ അറിയിച്ചത്.

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായി 2016 മുതല്‍ 828 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി വിശദീകരിച്ചു. പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ ആരോപണമുണ്ടാകുന്ന എല്ലാ സംഭവങ്ങളിലും അന്വേഷണം നടത്തി. കഴമ്പുണ്ടെന്ന് കാണുന്ന ആരോപണങ്ങള്‍ക്കെല്ലാം തന്നെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചു. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന പൊലീസുദ്യോഗ സ്ഥരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. ഇത്തരത്തില്‍ 2017 ല്‍ ഒന്നും, 2018 ല്‍ രണ്ടും 2019 ല്‍ ഒന്നും, 2020 ല്‍ രണ്ടും ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വിവിധ റാങ്കുകളിലുളള 8 പൊലീസുദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും പിരിച്ച് വിട്ടിട്ടുണ്ട്. കൂടാതെ 2022ല്‍ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട 2 പൊലീസുദ്യോഗസ്ഥരെയും അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെട്ട 2 പൊലീസുദ്യോഗസ്ഥരെയും സര്‍വ്വീസില്‍ നിന്നും നീക്കി.

യുഡിഎഫ് ഭരണ കാലത്ത് 976 പൊലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 2014 ഡിസംബര്‍ 15 ന് നിയമസഭയില്‍ അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നല്‍കിയ മറുപടി ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

Related posts:

Leave a Reply

Your email address will not be published.