വയനാട് ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ ചത്തനിലയില്‍ കണ്ടെത്തി
1 min readകല്‍പ്പറ്റ: കഴിഞ്ഞ ദിവസം ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. സൗത്ത് വയനാട് വനം ഡിവിഷനില്‍ ഇരുളം ഫോറസ്റ്റ് സ്‌റ്റേഷന് കീഴില്‍ വാകേരിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസമാണ് കാലിന് ഗുരുതര പരിക്കേറ്റ കടുവയെ നാട്ടുകാര്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് കടുവയെ പിടികൂടാന്‍ മുന്‍കരുതലുകളും കൂടൊരുക്കകുകയും ചെയ്തിരുന്നു. ഇതിനെല്ലാം ഒടുവിലാണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയത്. പിന്‍കാലിലെ മുറിവിലെ അണുബാധ ശരീരത്തെ ബാധിച്ചതാകാം മരണകാരണം എന്നതാണ് പ്രാധമിക റിപ്പോര്‍ട്ടുകള്‍. ആറ് വയസ്സ് പ്രായമുള്ള കടുവയാണ് ചത്തത്.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തുടര്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. വനത്തില്‍ കടുവകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കടുവയ്ക്ക് പരിക്കു പറ്റിയതെന്നാണ് നിഗമനം. കടുവയെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നതായും കടുവ സംരക്ഷണ അതോറിറ്റി നിര്‍ദേശങ്ങള്‍ അനുസരിച്ച് പോസ്റ്റ്‌മോര്‍ട്ടം നടപടി തുടങ്ങുമെന്നും വനംവകുപ്പ് വ്യക്തമാക്കി.