കടുവ ആക്രമണത്തില്‍ മരണപ്പെട്ട കര്‍ഷകന്റെ മൃതദേഹം സംസ്‌ക്കരിക്കാന്‍ കൂട്ടാക്കാതെ ബന്ധുക്കള്‍, കടുവകളെ കൊല്ലണമെന്ന് ബന്ധുക്കള്‍
1 min readകല്‍പ്പറ്റ : വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കൂട്ടാക്കാതെ ബന്ധുക്കള്‍. ആവശ്യങ്ങള്‍ അംഗീകരിച്ചാലെ മൃതദേഹം സംസ്‌ക്കരിക്കുകയുള്ളുവെന്നാണ് തോമസിന്റെ സഹോദരങ്ങളായ സണ്ണിയും ആന്റണിയും വ്യക്തമാക്കുന്നത്. കൂടുതല്‍ നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കടുവയെ വെടിവച്ചു കൊല്ലണം എന്നുമാണ് ഇവരുടെ ആവശ്യങ്ങള്‍.
അതേസമയം കടുവയെ പിടികൂടാനായുള്ള തീവ്രശ്രമത്തിലാണ് വനംവകുപ്പ്. പുതുശേരി വെള്ളാരംകുന്നില്‍ കര്‍ഷകന്റെ ജീവനെടുത്ത കടുവയെ കണ്ടെത്താന്‍ തിരച്ചില്‍ സംഘം പുറപ്പെട്ടു. ആദ്യഘട്ടത്തില്‍ നാല് സംഘങ്ങളായി തിരിഞ്ഞ് 30 പേരാണ് തിരച്ചില്‍ നടത്തുന്നത്. ഇന്നലെ രാത്രി കൂട് സ്ഥാപിച്ചിരുന്നു. മുത്തങ്ങ ആനപന്തിയില്‍ നിന്ന് കുങ്കിയാനയെയും വെള്ളാരംകുന്നില്‍ എത്തിച്ചിട്ടുണ്ട്. കടുവ കൂട്ടില്‍ കുടുങ്ങിയില്ലെങ്കില്‍ മയക്കുവെടിവച്ച് പിടികൂടാനാണ് ശ്രമം. വിവിധയിടങ്ങളിലായി എട്ട് നിരീക്ഷണ ക്യാമറകളും ഒരുക്കിയിട്ടുണ്ട്.
മാനന്തവാടി താലൂക്കില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ചാണ് യുഡിഎഫും ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കടുവഭീതി തുടരുന്നതിനാല്‍ തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തുകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എടവക പഞ്ചായത്തിലെ രണ്ട് സ്‌കൂളുകള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കടുവയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തോമസ് മരിച്ചത്.