പശുക്കളെ റോഡിലേക്ക് അഴിച്ചുവിട്ട് ഗുജറാത്ത് സര്‍ക്കാരിനെതിരെ പ്രതിഷേധ
1 min readഅഹമ്മദാബാദ് : ഗുജറാത്ത് സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് ആയിരക്കണക്കിന് പശുക്കളെ റോഡിലേക്ക് തുറന്നുവിട്ട് പശു സംരക്ഷണകേന്ദ്രം ട്രസ്റ്റികള്‍. സര്‍ക്കാര്‍ പശുസംരക്ഷണ കേന്ദ്രങ്ങള്‍ക്ക് നല്‍കാമെന്നേറ്റ ഗ്രാന്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സംരക്ഷണകേന്ദ്രം ട്രസ്റ്റികള്‍ ആയിരക്കണക്കിന് പശുക്കളെ തെരുവില്‍ തുറന്നുവിട്ടത്. 500 കോടി രൂപയാണ് സാമ്പത്തിക സഹായമായി നല്‍കാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെയാണ് ഇങ്ങനെ ഒരു പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ന്യൂസ് ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2022 2023 ലെ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് കഴിഞ്ഞ 15 ദിവസമായി ട്രസ്റ്റികള്‍ പ്രതിഷേധിക്കുകയാണെന്ന് പ്രതിഷേധക്കാരിലൊരാളായ ട്രസ്റ്റി കിഷോര്‍ ദാവെ പറഞ്ഞു. നാലര ലക്ഷത്തോളം പശുക്കള്‍ക്ക് സംരക്ഷണം നല്‍കുന്ന 1500 ഓളം സംരക്ഷണ കേന്ദ്രങ്ങളാണ് ഗുജറാത്തില്‍ ഉള്ളത്. ബാനസ്‌കന്തയില്‍ മാത്രം 170 സംരക്ഷണ കേന്ദ്രങ്ങളിലായി 80,000 പശുക്കളുണ്ട്. പശുക്കള്‍ക്ക് തീറ്റ നല്‍കാന്‍ ദിവസവും ഒന്നിന് 60 മുതല്‍ 70 രൂപ വരെയാണ് ചിലവ്. കൊവിഡിന് ശേഷം ധനസഹായം നിലച്ചമട്ടാണ്. ഫണ്ട് കൂടി ലഭിക്കാതായതോടെ സംരക്ഷണ കേന്ദ്രങ്ങള്‍ നടത്തുക ബുദ്ധിമുട്ടാണെന്നാണ് ഇവര്‍ പറയുന്നത്. ഇനിയും സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് ഇവര്‍.