എസ്‌ഐയുടെ കസേരയിലിരുന്ന് വീഡിയോ എടുത്തു, ഇന്‍സ്റ്റഗ്രാമിലും ഇട്ടു; ധനികനെ പൊലീസ് പൊക്കി
1 min readമുംബൈ: പൊലീസ് സ്റ്റേഷനില്‍ കയറി എസ്‌ഐയുടെ കസേരയില്‍ ഇരുന്ന് ഇന്‍സ്റ്റഗ്രാം വീഡിയോ ചിത്രീകരിച്ചയാള്‍ മുംബൈയില്‍ അറസ്റ്റില്‍. ഡോംബിവലിയിലെ ബില്‍ഡറായ സുരേന്ദ്ര പാട്ടീല്‍ ആണ് അറസ്റ്റിലായത്. ഒരു കേസില്‍ പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് വീഡിയോ ചിത്രീകരിച്ചത്. എസ്‌ഐയുടെ കസേരയില്‍ ഇരുന്നുള്ള ഇന്‍സ്റ്റ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
25 ലക്ഷം തന്നാല്‍ കോടികള്‍ ആകാശത്ത് നിന്ന് പെയ്യുമെന്ന് പറഞ്ഞ് ചിലര്‍ പണം തട്ടിയെടുത്തെന്ന് സുരേന്ദ്ര പാട്ടീല്‍ പരാതി നല്‍കിയിരുന്നു. പ്രതികളെ പൊലീസ് പിടകൂടി. ഈ പണം തിരികെ വാങ്ങാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ‘വീഡിയോ പ്രിയനായ’ പാട്ടീല്‍ വെട്ടിലായത്. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവയ്ക്കുന്നതില്‍ തത്പരനായ പാട്ടീല്‍ എത്തിയപ്പോള്‍ എസ്‌ഐയുടെ കസേര ഒഴിഞ്ഞു കിടക്കുന്നു. പിന്നെ ഒട്ടും അമാന്തിച്ചില്ല, കസേരയില്‍ കയറിയിരുന്നു ഉടന്‍ വീഡിയോ എടുത്തു, ഇന്‍സ്റ്റഗ്രാമിലുമിട്ടു.
വീഡിയോ വൈറല്‍ ആയതോടെയാണ് പൊലീസ് രംഗത്തെത്തിയത്. വിശദമായ പരിശോധനയില്‍ തോക്കുമായുള്ള മറ്റൊരു വീഡിയോ കൂടി പൊലീസിന് കിട്ടി. ഇയാളുടെ ബെന്‍സ് കാര്‍ പരിശോധിച്ചപ്പോള്‍ വാളും കണ്ടെത്തി. ഇതോടെ ആയുധങ്ങള്‍ കൈവശം വച്ചെന്ന കേസുമായി. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനും വൈദ്യുതി മോഷണം നടത്തിയതിനും അടക്കം നേരത്തെ 7 കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ട്. ധനികനായ ഇയാള്‍ നല്ല ഒന്നാംതരം അന്ധവിശ്വാസി കൂടിയാണെന്ന് പൊലീസ് പറയുന്നു.