എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിന് പിന്നാലെ അലന്‍ ഷുഹൈബ് പൊലീസ് കസ്റ്റഡിയില്‍
1 min read
കണ്ണൂര്‍: പാലയാട് ക്യാമ്പസില്‍ വച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി തടവില്‍ കഴിഞ്ഞ വിദ്യാര്‍ത്ഥി അലന്‍ ഷുഹൈബ്. എന്നാല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഥിനെ അലന്‍ ഷുഹൈബ് റാഗ് ചെയ്യുകയായിരുന്നെന്നും എസ്എഫ്‌ഐ ഇത് ചോദ്യം ചെയ്യുകയാണ് ചെയ്തതെന്നും യൂണിറ്റ് സെക്രട്ടറി പറഞ്ഞു. പരിക്കേറ്റ അഥിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ധര്‍മടം പൊലീസ് അലന്‍ ഷുഹൈബിനെ കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചതെന്ന് പൊലീസ് പിന്നീട് വിശദീകരിച്ചു.
കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ബദറുവിനെയും മുര്‍ഷിദിനെയും അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥി നിഷാദ് ഊരാ തൊടിയെയും അകാരണമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് അലന്‍ ഷുഹൈബ് ആരോപിക്കുന്നുണ്ട്.
ഇന്ന് രാവിലെ മുതല്‍ പാലയാട് ക്യാംപസില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞാണ് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടത്. കഴിഞ്ഞ വര്‍ഷം നടന്ന റാഗിംഗുമായി ബന്ധപ്പെട്ട വിഷയമാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് കാരണമെന്നും പറയപ്പെടുന്നുണ്ട്.
തന്നെയും മറ്റ് വിദ്യാര്‍ത്ഥികളെയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അകാരണമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് അലന്‍ ഷുഹൈബിന്റെ ആരോപണം. എന്നാല്‍ അലന്‍ ഷുഹൈബ്, അഥിനെ റാഗ് ചെയ്തത് ചോദ്യം ചെയ്യാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോയ ഘട്ടത്തില്‍ അലന്‍ ഷുഹൈബുമായി വാക്കുതര്‍ക്കമുണ്ടാവുകയും ഇതേ തുടര്‍ന്ന് അലന്‍ ഷുഹൈബിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും എസ്എഫ്‌ഐ ആരോപിക്കുന്നു.