കുഫോസ് വിസി നിയമനം റദ്ദാക്കല്‍, ഹൈക്കോടതി ഉത്തരവില്‍ ഗവര്‍ണര്‍ക്കും വിമര്‍ശനം

1 min read

കൊച്ചി: കുഫോസ് വിസി നിയമം റദ്ദാക്കിയുള്ള ഹൈക്കോടതി ഉത്തരവില്‍ ഗവര്‍ണര്‍ക്കും വിമര്‍ശനം. യുജിസി പ്രതിനിധി ഇല്ലാത്ത കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചത് തെറ്റാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. വിസി സ്ഥാനത്തേക്ക് ഒരാളെ മാത്രം നിശ്ചയിച്ച സെലെക്ഷന്‍ കമ്മിറ്റി നടപടി യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയാണ് കോടതി കുഫോസ് വിസി ഡോ റിജി ജോണിന്റെ നിയമനം റദ്ദാക്കിയത്. റിജി ജോണിന് യോഗ്യത ഇല്ലെന്ന വാദം നിയമപരമായി നിലനില്‍ക്കില്ല. റിജി ജോണിന് അധ്യാപന പരിചയത്തിനുള്ള യോഗ്യതയുണ്ട്. തമിഴ്‌നാട് സര്‍വകലാശാല നല്‍കിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഇതിന് തെളിവെന്നും കോടതി വിശദീകരിച്ചു.

സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിലെ അപാകതകളാണ് കോടതി പരിഗണിച്ചത്. റിജി ജോണിനെ കുഫോസ് വിസിയായി നിയമിച്ചത് യുജിസി ചട്ടപ്രകാരം അല്ലെന്നും നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ചുരുക്ക പട്ടികയിലുണ്ടായിരുന്ന ഡോ. കെ കെ വിജയന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഒരു സര്‍വകലാശാലയില്‍ പ്രൊഫസറായി 10 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ റിജി ജോണിന് 7 വര്‍ഷം മാത്രമാണ് അധ്യാപന പരിചയം ഉണ്ടായിരുന്നത്. സെര്‍ച്ച് കമ്മിറ്റിയില്‍ അക്കാദമിക് യോഗ്യതയില്ലാത്തവരും ഉള്‍പ്പെട്ടുവെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഈ വാദങ്ങളെല്ലാം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബഞ്ച് നിയമനം റദ്ദാക്കിയത്.

ഒന്‍പത് പേരുടെ ചുരുക്കപ്പട്ടികയില്‍ നിന്ന് ഒരാളുടെ പേര് മാത്രം സെലെക്ഷന്‍ കമ്മിറ്റി ചാന്‍സലര്‍ക്ക് അയച്ചത് യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. പുതിയ വൈസ് ചാന്‍സലറിനെ കണ്ടെത്താന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് കോടതി അനുമതി നല്‍കി. ഫിഷറീസ് സര്‍വകലാശാല ഒരു കാര്‍ഷിക സര്‍വകലാശാലയാണെന്നും അതുകൊണ്ട് തന്നെ യുജിസി ചട്ടങ്ങള്‍ അതിന് ബാധകമല്ല എന്നുമുള്ള സര്‍ക്കാരിന്റെയും റിജി ജോണിന്റെയും വാദം കോടതി തള്ളി.

Related posts:

Leave a Reply

Your email address will not be published.