നിഷിനെ സവിശേഷ സ്വഭാവമുള്ള സര്‍വകലാശാലയാക്കി മാറ്റും: മന്ത്രി

1 min read

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിനെ (നിഷ്) ഭിന്നശേഷി മേഖലയിലെ സവിശേഷ സ്വഭാവത്തോടെയുള്ള സര്‍വകലാശാലയാക്കിമാറ്റുമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. ഭിന്നശേഷി മേഖലയില്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന ഇതര സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി നെറ്റ് വര്‍ക്ക് രൂപീകരിക്കുമെന്നും ഇതുവഴി ഭിന്നശേഷി പുനരധിവാസ മേഖലയില്‍ കേരളം രാജ്യത്തിനു മാതൃകയാകുമെന്നും മന്ത്രി പറഞ്ഞു. നിഷിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിന്റെ കാലത്ത് ഏറ്റവും മികച്ച അസിസ്റ്റിവ് ടെക്‌നോളജിയുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കി ശാരീരിക പരിമിതികളെ മറികടക്കാന്‍ ഭിന്നശേഷി സഹോദരങ്ങളെ പ്രാപ്തരാക്കണം.

കേള്‍വിയുടേയും സംസാരശേഷിയുടേയും പരിമിതി നേരിടുന്നവര്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന നിഷ് ഇന്ന് ആശയഗ്രഹണത്തിന്റെയും ആശയവിനിമയത്തിന്റെയും പരിമിതി നേരിടുന്ന എല്ലാവര്‍ക്കും പിന്തുണ നല്‍കാന്‍ കഴിയുന്ന സ്ഥാപനമായി വളര്‍ന്നിരിക്കുന്നു. ഓട്ടിസം ബാധിച്ചവര്‍ക്കടക്കം ഏറ്റവും ശാസ്ത്രീയമായ പരിശീലനമാണു നിഷ് നല്‍കുന്നത്. ദേശീയ, അന്തര്‍ദേശീയ നിലയില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സായി വളരാനുള്ള നിഷിന്റെ ശേഷിയെ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കാരോടുള്ള സമീപന രീതിയില്‍ അവബോധാത്മകമായ മാറ്റമുണ്ടാകണമെന്നു മന്ത്രി പറഞ്ഞു. ജീവിതത്തിന്റെ എല്ലാ ഇടങ്ങളിലും ഭിന്നശേഷി സഹോദരങ്ങള്‍ക്കു സ്വാശ്രയ ബോധത്തോടെയും സ്വയംപര്യാപതതയോടെയും കടന്നുവരാനുള്ള സാഹചര്യമുണ്ടാക്കാനാണു സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. സര്‍ക്കാര്‍ ഓഫിസുകളും തദ്ദേശ സ്ഥാപനങ്ങളും കലാലയങ്ങളും വിദ്യാലയങ്ങളും പൊതുഇടങ്ങളും ഗതാഗത സംവിധാനങ്ങളുമെല്ലാം പൂര്‍ണ ഭിന്നശേഷി സൗഹൃദമാക്കിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.

നിഷിന്റെ 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും പ്രതിപാദിക്കുന്ന സ്മരണികയും വിവിധ വിഷയങ്ങളില്‍ നിഷ് തയാറാക്കിയ പുസ്തകങ്ങളും മന്ത്രി ചടങ്ങില്‍ പ്രകാശനം ചെയ്തു. നിഷിലെ മുന്‍കാല ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, വിദ്യാര്‍ഥികളില്‍ ഉന്നത വിജയം നേടിയവര്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.

Related posts:

Leave a Reply

Your email address will not be published.