ഇന്ത്യസിംബാബ്‌വെ പോരാട്ടം; മെല്‍ബണിലെ കാലവസ്ഥാ പ്രവചനം

1 min read

മെല്‍ബണ്‍: ടി20 ലോകകപ്പിലെ അവസാന സൂപ്പര്‍ 12 പോരാട്ടത്തില്‍ നാളെ ഇന്ത്യ സിംബാബ്‌വെയെ നേരിടാനിറങ്ങുമ്പോള്‍ മത്സരഫലത്തില്‍ കണ്ണുനട്ടിരിക്കുന്നത് മറ്റ് മൂന്ന് ടീമുകള്‍ കൂടിയുണ്ട്. പാക്കിസ്ഥാനും ബംഗ്ലാദേശും ദക്ഷിണാഫ്രിക്കയും. നാലു ടീമുകള്‍ക്കും സെമി സാധ്യത ഉണ്ടെന്നതിനാല്‍ സൂപ്പര്‍ 12വിലെ അവസാന പോരാട്ടത്തിന്റെ ഫലം ഏറെ നിര്‍ണായകമാണ്. ഇതിന് മുമ്പ് പാക്കിസ്ഥാനെതിരെ ആയിരുന്നു ഇന്ത്യ മെല്‍ബണില്‍ അവസാനം ഏറ്റുമുട്ടിയത്. മഴനിഴലില്‍ നടന്ന പോരാട്ടത്തില്‍ വിരാട് കോലിയുടെ ബാറ്റിംഗ് മികവില്‍ ഇന്ത്യ ജയിച്ചു കയറി.

നാളെ നടക്കുന്ന സിംബാബ്‌വെക്കെതിരായ പോരാട്ടവും മഴയില്‍ ഒലിച്ചുപോകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. മഴമൂലം മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ ഇന്ത്യ സെമിയിലെത്തും. അവസാന മത്സരം നെതര്‍ലന്‍ഡ്‌സിനെതിരെ ആണെന്നതിനാല്‍ ദക്ഷിണാഫ്രിക്കക്കും സെമി ഉറപ്പാണ്. അതുകൊണ്ടുതന്നെ ഇന്ത്യസിംബാബ്‌വെ പോരാട്ടത്തില്‍ മഴ വില്ലനാവരുതേ എന്ന് ഏറ്റവുമധികം പ്രാര്‍ത്ഥിക്കുന്നവര്‍ ബംഗ്ലാദേശും പാക്കിസ്ഥാനുമാകും.

രാവിലെ അഡ്‌ലെയ്ഡില്‍ പാക്കിസ്ഥാനും ബംഗ്ലാദേശും ഏറ്റുമുട്ടിയശേഷമാണ് ഉച്ചക്ക് ഇന്ത്യയും സിംബാബ്‌വെയും മെല്‍ബണില്‍ പോരാട്ടത്തിനിറങ്ങുക. പാക്കിസ്ഥാനെ വീഴ്ത്തുകയും ബംഗ്ലാദേശിനെ വിറപ്പിക്കുകയും ചെയ്ത സിംബാബ്‌വെക്ക് പക്ഷെ ദുര്‍ബലരായ നെതര്‍ലന്‍ഡ്തിനെതിരെ അടിതെറ്റിയതാണ് തിരിച്ചടിയായത്.

നാളെ സിംബാബ്‌വെയെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലെത്താം. ഗ്രൂപ്പ് ചാമ്പ്യന്‍മാരായാല്‍ ഗ്രൂപ്പ് ഒന്നിലെ രണ്ടാം സ്ഥാനക്കാരെയാകും സെമിയില്‍ നേരിടേണ്ടിവരിക. ഗ്രൂപ്പ് ഒന്നില്‍ ന്യൂസിലന്‍ഡ് ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാകുമെന്ന് ഏകദേശം ഉറപ്പിച്ച സാഹചര്യത്തില്‍ ഇംഗ്ലണ്ടോ ഓസ്‌ട്രേലിയയോ ആകും ഇന്ത്യയുടെ എതിരാളികള്‍.

മെല്‍ബണിലെ കാലവസ്ഥാ പ്രവചനം

മൂന്ന് മത്സരങ്ങള്‍ മഴമൂലം ഉപേക്ഷിക്കപ്പെട്ട മെല്‍ബണില്‍ നാളെ തെളിഞ്ഞ കാലവസ്ഥയായിരിക്കുമെന്നാണ് പ്രവചനം. 25 ഡിഗ്രിയായിരിക്കും പരമാവധി ചൂട്. രാത്രി മാത്രമാണ് നേരിയ മഴ പെയ്യുമെന്ന പ്രവചനമുള്ളത്. എന്നാല്‍ അത് മത്സരത്തെ ബാധിക്കില്ല.

Related posts:

Leave a Reply

Your email address will not be published.