ക്രെയിന്‍ ഉപയോഗിച്ച് സ്ഥാപിച്ച ക്രിസ്റ്റ്യാനോ കട്ടൌട്ടിന് ചെലവ് അരലക്ഷം
1 min read
കോഴിക്കോട്: കാല്‍പന്തുകളി മാമാങ്കം വരുന്നതിന്റെ ആവേശം എവിടെയും ആരാധകമനസുകളെ വാനോളം ഉയര്‍ത്തുകയാണ്. ഇതിനിടയില്‍ ആരാധകപോര് മുറുകുന്ന കാഴ്ചകളാണ് കോഴിക്കോട് നിന്നുമെത്തുന്നത്. പുള്ളാവൂരിലെ ചെറുപുഴയില്‍ മെസിയുടേയും നെയ്മറിന്റേയും ഭീമന്‍ കട്ടൌട്ടുകള്‍ വന്നതിന് പിന്നാലെ കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കട്ടൌട്ടുമായി ആരാധകര്‍.
താമരശ്ശേരി പരപ്പന്‍പൊയിലിലാണ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുടെ 45 അടിയോളം ഉയരത്തിലുള്ള കട്ടൗട്ട് സ്ഥാപിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫാന്‍സ് കൂട്ടായ്മയായ സി.ആര്‍.7 പരപ്പന്‍പൊയിലാണ് ഭീമന്‍ കട്ടൗട്ടിന് പിന്നില്‍. കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയോരത്ത് പരപ്പന്‍പൊയില്‍ അങ്ങാടിയില്‍ രാരോത്ത് ഗവ.ഹൈസ്‌ക്കൂളിന് സമീപത്തായാണ് ഭീമന്‍ കട്ടൗട്ട് വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഉയര്‍ത്തിയത്. നൂറോളം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആരാധകര്‍ക്കൊപ്പം നാട്ടുകാരും ചേര്‍ന്നായിരുന്നു ഇത്. ക്രെയിന്‍ ഉപയോഗിച്ചാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഭീമന്‍ കട്ടൗട്ട് ഉയര്‍ത്തിയത്.
ഒരേയൊരു രാജാവ് എന്ന തലവാചകത്തോടെയാണ് വലിയ കട്ടൗട്ട് തലയുയര്‍ത്തി നില്‍ക്കുന്നത്. സ്റ്റിക്കര്‍, പ്ലൈവുഡ്, പാസ്റ്റര്‍ ഓഫ് പാരീസ്, മരം തുടങ്ങിയവ ഉപയോഗിച്ചാണ് കട്ടൌട്ട് തയ്യാറാക്കിയത്. അര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ആരാധകര്‍ കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്. കൂട്ടായ്മയിലെ അംഗങ്ങളാണ് കട്ടൗട്ട് സ്ഥാപിക്കാനായി പണം സമാഹരിച്ചത്. സി.ആര്‍.7 പരപ്പന്‍പൊയില്‍ കൂട്ടായ്മയ്ക്ക് ഷഫീഖ് പേപ്പു, അഷ്വിന്‍, അമീര്‍ ഷാദ്, കെ.പി. റഫീഖ്, രാഹുല്‍, ഷഹല്‍, ഷബീര്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.
നേരത്തെ പരപ്പന്‍പൊയിലില്‍ അര്‍ജന്റീന ആരാധകര്‍ ലയണല്‍ മെസിയുടെ 20 അടി ഉയരമുള്ള കട്ടൗട്ടും സ്ഥാപിച്ചിരുന്നു. തുടര്‍ന്നാണ് അതിനെ കടത്തിവെട്ടുന്ന കട്ടൗട്ടുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫാന്‍സ് എത്തിയത്. വരും വരും ദിനങ്ങളില്‍ വലിയ ഉയരമുള്ള കട്ടൗട്ടുകള്‍ ഉയര്‍ത്താനുള്ള ഒരുക്കത്തിലും ആവേശത്തിലാണ് പരപ്പന്‍പൊയിലിലെ കാല്‍പന്തുകളി ആരാധകക്കൂട്ടം. കാല്‍പന്തുകളി പ്രേമികളുടെ സ്വന്തം നാടായ പരപ്പന്‍ പൊയിലില്‍ നാട്ടുകാര്‍ തന്നെ പണം സമാഹരിച്ച് സ്വന്തമായി മൈതാനം ഒരുക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.