ട്വിറ്റര്‍ വഴിയില്‍ ഫേസ്ബുക്കും; കൂട്ട പിരിച്ചുവിടല്‍ ഉടന്‍

1 min read

സന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. വലിയതോതിലുള്ള പിരിച്ചുവിടലാണ് മെറ്റ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഞായറാഴ്ച ഇത് റിപ്പോര്‍ട്ട് ചെയ്തത്. വരുന്ന ബുധനാഴ്ച പിരിച്ചുവിടല്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ മെറ്റ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു. കഴിഞ്ഞ പാദ റിപ്പോര്‍ട്ടില്‍ തിരച്ചടി നേരിട്ടതോടെ മെറ്റയ്ക്ക് ഓഹരി വിപണിയില്‍ നിന്നും ഏതാണ്ട് 67 ബില്ല്യണ്‍ ഡോളറാണ് നഷ്ടമായത്. ഈ വര്‍ഷം മാത്രം അര ട്രില്ല്യണ്‍ ഡോളറിന്റെ മൂല്യ നഷ്ടമാണ് മെറ്റ നേരിടുന്നത്.

ആഗോള സാമ്പത്തിക രംഗത്തെ തിരിച്ചടികളാണ് തങ്ങളെ ബാധിച്ചത് എന്നാണ് മെറ്റ പറയുന്നത്. ഒപ്പം പ്രധാന എതിരാളികളായ ടിക്ടോക്കിന്റെ വളര്‍ച്ചയും മെറ്റയെ തളര്‍ത്തി. ആപ്പിള്‍ തങ്ങളുടെ പ്രൈവസി നയത്തില്‍ വരുത്ത വ്യത്യാസം മെറ്റയുടെ പരസ്യവരുമാനത്തെ വളരെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

അതേ സമയം മെറ്റവേര്‍സില്‍ വലിയതോതില്‍ നടത്തിയ നിക്ഷേപങ്ങള്‍ ഇതുവരെ മെറ്റയ്ക്ക് കാര്യമായ ഗുണമൊന്നും നല്‍കിയിട്ടില്ല. ഭാവിയെ കണ്ടുള്ള നിക്ഷേപമാണ് ഇതെന്നും, അടുത്ത ഒരു ദശകത്തില്‍ മാത്രമേ അതിന്റെ ഗുണം പൂര്‍ണ്ണമായും ഉണ്ടാകൂ എന്നാണ് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ പറയുന്നത്. അതിനാല്‍ തന്നെ മറ്റ് വഴികളില്‍ കൂടി ചെലവ് ചുരുക്കാന്‍ ആലോചിക്കുകയാണ് മെറ്റ.

ചില അനാവശ്യ പ്രൊജക്ടുകള്‍ പൂട്ടുക. ആളുകളെ എടുക്കുന്നത് താല്‍കാലികമായി നിര്‍ത്തുക തുടങ്ങിയ കാര്യങ്ങളാണ് മെറ്റ ആലോചിക്കുന്നത്. തങ്ങളുടെ ന്യൂസ് ബിസിനസ് പ്രൊജക്ടുകള്‍ അവസാനിപ്പിക്കാന്‍ മെറ്റ തീരുമാനിച്ചിട്ടുണ്ട്. ഇതിന് അനുബന്ധമായി തന്നെയാണ് പിരിച്ചുവിടലും എന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ തന്നെ ഭാവി നിക്ഷേപം സംബന്ധിച്ച പ്രസ്താവനയില്‍ കൂട്ട പിരിച്ചുവിടല്‍ സംബന്ധിച്ച സൂചന റ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് നല്‍കിയിരുന്നു. ചില തന്ത്ര പ്രധാന മേഖലകളില്‍ ശ്രദ്ധയും നിക്ഷേപവും വേണ്ടി വരുമ്പോള്‍ വലിയ ടീമിനെ ചുരുക്കേണ്ടി വരുമെന്നും, അതിന് ചില നീക്കങ്ങള്‍ ഉണ്ടെന്നുമാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞത്.

Related posts:

Leave a Reply

Your email address will not be published.