ഇത് ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം’ശ്രീരാമകൃഷ്ണന് സ്വപ്നയുടെ മറുപടി; ചിത്രങ്ങള്‍ പുറത്തുവിട്ടു
1 min readതിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ പി ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സ്വപ്ന സുരേഷ്. ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങള്‍ അടക്കമാണ് സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഇത് ലളിതവും വിനീതവുമായ ഒരു മറുപടിയാണ്. ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിനും അനുബന്ധ വാദങ്ങള്‍ക്കും എതിരെയുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ഇത് അദ്ദേഹത്തെ ബാക്കിയുള്ള കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നില്ലെങ്കില്‍, എനിക്ക് എതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഞാന്‍ ഈ മാന്യനോട് അഭ്യര്‍ത്ഥിക്കുന്നു. അതിനാല്‍ ബാക്കി തെളിവുകള്‍ ബഹുമാനപ്പെട്ട കോടതിയില്‍ ഹാജരാക്കാന്‍ എനിക്ക് കഴിയും എന്ന് സ്വപ്ന പോസ്റ്റില്‍ പറയുന്നു.
നേരത്തെ സ്വപ്നയുടെ ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് രംഗത്ത് എത്തിയിരുന്നു. ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും ഔദ്യോഗിക വസതിയിലേക്ക് സ്വപ്നയെ ഒറ്റക്ക് ക്ഷണിച്ചുവെന്ന ആരോപണം തെറ്റാണെന്നും ശ്രീരാമകൃഷ്ണന് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ല.
ആര്‍ക്കും അനാവശ്യമായ മെസേജുകള്‍ അയച്ചിട്ടില്ല. അത്തരം പരാതികള്‍ ഇതുവരെയും ആരും ഉന്നയിച്ചിട്ടുമില്ല. അറിഞ്ഞോ അറിയാതെയോ സ്വപ്ന കരുവാകുകയാണ്. ആരോപണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടുന്നതിനോടൊപ്പം നിയമപരമായ വശങ്ങളും പരിശോധിച്ചേ മുന്നോട്ട് പോകും. പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്ത് സ്വപ്നക്കെതിരെ നിയമ നടപടി ആലോചിക്കുമെന്നും ശ്രീരാമകൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം സ്വപ്ന സുരേഷ് നടത്തിയ ലൈംഗികാരോപം നിഷേധിച്ച് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് രംഗത്ത് എത്തി. മൂന്ന് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും പറയാതെ ആക്ഷേപം ഇപ്പോള്‍ ബോധപൂര്‍വം ഉയര്‍ത്തുകയാണെന്ന് കുറ്റപ്പെടുത്തിയ കടകംപള്ളി, പാര്‍ട്ടിയോട് ആലോചിച്ച് സ്വപ്നക്കെതിരെ നിയമനടപടിയിലേക്ക് കടക്കുമെന്നും വ്യക്തമാക്കി.
കഠിനമായ യാതനകള്‍ അനുഭവിച്ച സ്ത്രീയാണ് സ്വപ്ന. പുസ്തകത്തിലെ ആരോപണം തന്റെ പേരിലേക്ക് എത്തിക്കാന്‍ അഭിമുഖത്തിനിടയില്‍ ശ്രമമുണ്ടായെന്നും കടകംപള്ളി ആരോപിച്ചു. സ്വപ്നയെ കൊണ്ട് തന്റെ പേര് പറയിപ്പിക്കാന്‍ ശ്രമിച്ചു. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. ബിജെപിയുടെ പാളയത്തിലാണ് സ്വപ്നയെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.