നിറപുഞ്ചിരിയുമായി ഒരുബിടെക് ചായക്കാരി

1 min read

നല്ല വിദ്യാഭ്യാസം അതിന് യോജിച്ച തൊഴില്‍ എല്ലാം എല്ലാ യുവാക്കളുടെയും സ്വപ്നമാണ്. പഠനത്തോട് താല്‍പര്യമുള്ളവരോ കരിയറുമായി ബന്ധപ്പെട്ട് സങ്കല്‍പങ്ങളോ ഉള്ള യുവാക്കളെ സംബന്ധിച്ച് അവരുടെ ശ്രദ്ധ മുഴുവന്‍ അതില്‍ തന്നെ ആയിരിക്കും. ഇത്തരക്കാരില്‍ വലിയൊരു വിഭാഗം പേരും ജീവിതത്തില്‍ വിജയിക്കുകയും ചെയ്യാം.

ചെറുപ്പം തൊട്ട് തന്നെ അധ്വാനിക്കണമെന്നും സ്വന്തമായി പണം സമ്പാദിക്കണമെന്നും ആഗ്രഹിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും ബിസിനസ് മേഖലയിലേക്ക് കടന്നുവന്നാല്‍ ഇവര്‍ വിജയം കൊയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതിന് ഉദാഹരണമാവുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായൊരു വീഡിയോ.

മുഖം നിറയുന്ന പുഞ്ചിരിയുമായി ചായ വില്‍ക്കുന്നൊരു പെണ്‍കുട്ടിയെ ആണ് വീഡിയോയില്‍ കാണുന്നത്. കാഴ്ചയില്‍ തന്നെ വിദ്യാര്‍ത്ഥിയാണെന്ന് തോന്നിക്കുന്ന പെണ്‍കുട്ടി എന്തുകൊണ്ടാണ് ചായ വില്‍പനയിലേക്ക് തിരിഞ്ഞിരിക്കുന്നതെന്ന് ഏവര്‍ക്കും സംശയം തോന്നാം.

മറ്റൊന്നുമല്ല, ചെറുപ്പം മുതലേ സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങണമെന്ന ആഗ്രഹമായിരുന്നു വര്‍ധിക എന്ന ഈ പെണ്‍കുട്ടിക്ക്. ഇപ്പോള്‍ ബി ടെക് വിദ്യാര്‍ത്ഥിയാണ് വര്‍ധിക. കോഴ്‌സ് തീരാന്‍ ഇനിയും മൂന്ന് വര്‍ഷമെടുക്കും. എന്നാല്‍ അത്രയും കാലം കാത്തിരിക്കാന്‍ ആവില്ലെന്നത് കൊണ്ടാണ് തന്റെ സ്വപ്നത്തിലേക്കുള്ള ചെറിയ ചുവടുവയ്പുകള്‍ ഈ മിടുക്കി ഇപ്പോഴേ വച്ചിരിക്കുന്നത്.

ബീഹാറിലെ ഫരീദാബാദ് സ്വദേശിയാണ് വര്‍ധിക. ഫരീദാബാദില്‍ തന്നെയാണ് വര്‍ധിക തന്റെ ടീസ്റ്റാള്‍ തുടങ്ങിയിരിക്കുന്നത്. ബീ ടെക് ചായ്!വാലി എന്ന് പേരിട്ടിരിക്കുന്ന ടീ സ്റ്റാളില്‍ സന്തോഷപൂര്‍വം ജോലി ചെയ്യുന്നതും വര്‍ധിക തന്നെ. വൈകീട്ട് അഞ്ചര മുതല്‍ രാത്രി 9 മണി വരെയാണ് കച്ചവടം. മസാലച്ചായയും ലെമണ്‍ ടീയുമടക്കമുള്ള വിവിധ തരം ചായകളാണ് ഇവിടെ വര്‍ധിക കൊടുക്കുന്നത്.

തന്നെ കുറിച്ചും തന്റെ സ്വപ്നങ്ങളെ കുറിച്ചും വര്‍ധിക പങ്കുവയ്ക്കുന്ന ചെറുവീഡിയോ ആണിപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. വലിയ രീതിയില്‍ ബിസിനസ് ചെയ്യണമെന്നാണ് വര്‍ധികയുടെ ആഗ്രഹം. അതിന്റെ തുടക്കമെന്നോണമാണ് ഈ കുഞ്ഞ് ടീസ്റ്റാള്‍.

ആത്മവിശ്വാസം നിറയുന്ന പുഞ്ചിരിയും ഊര്‍ജസ്വലതയോടെയുള്ള പെരുമാറ്റവുമെല്ലാം ഈ മിടുക്കിയെ പെട്ടെന്ന് ശ്രദ്ധേയയാക്കുകയാണ്. ചെറുപ്രായത്തില്‍ തന്നെ ഇത്തരത്തില്‍ അധ്വാനിച്ച് സ്വന്തം പാത വെട്ടിയെടുക്കാന്‍ വര്‍ധിക കാണിക്കുന്ന സമര്‍പ്പണബോധത്തിനും പരിശ്രമത്തിനും കയ്യടിക്കുകയാണ് വീഡിയോ കണ്ടവരെല്ലാം. ഭാവിയില്‍ അറിയപ്പെടുന്നൊരു സംരംഭകയാകാന്‍ വര്‍ധികയ്ക്ക് സാധിക്കട്ടെയെന്നും ഇവര്‍ ആശംസിക്കുന്നു.

Related posts:

Leave a Reply

Your email address will not be published.