തൃശൂരില്‍ നാല് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
1 min readതൃശൂര്‍ : മാള പുത്തന്‍ചിറയില്‍ കഴിഞ്ഞ ദിവസം നാല് പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഇന്നലെയാണ് പുത്തന്‍ചിറ സ്വദേശികളായ ലീല, ജീവന്, തങ്കമണി, മാലിനി എന്നീ നാല് പേര്‍ക്ക് നായയുടെ കടിയേറ്റത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കുത്തിവെയ്പ്പ് നല്‍കിയിട്ടുണ്ട്. നാട്ടുകാര്‍ ഉടന്‍ നായയെ പിടികൂടി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റവരുടെ നിരീക്ഷണം തുടരും.
അതേ സമയം, ഇന്ന് എരുമപ്പെട്ടിയിലും തെരുവ് നായയുടെ ആക്രമണം ഉണ്ടായി. വിദ്യാര്‍ത്ഥിനി ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് കടിയേറ്റു. എരുമപ്പെട്ടി സീരകത്ത് റഫീക്കിന്റെ മകള്‍ 12 വയസുകാരി സിയ, കേളംപുലാക്കല്‍ അസീസ്, മേലൂട്ടയില്‍ രാജേഷ് എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ 7 മണിക്ക് മദ്റസയില്‍ പോകുന്നതിനിടയിലാണ് സിയക്ക് കടിയേറ്റത്. നടന്ന് പോവുകയായിരുന്ന കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു. സിയക്ക് കയ്യിനാണ് കടിയേറ്റത്. രാജേഷിന് വീടിന് മുന്നില്‍ നിക്കുമ്പോഴും അസിസിന് വീടിന് സമീപമുള്ള വഴിയില്‍ വെച്ചുമാണ് കടിയേറ്റത്. അസീസിന് കൈക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. മൂന്ന് പേരേയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നാട്ടുകാര്‍ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും നായയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.