ഗുജറാത്തില്‍ നവരാത്രി ആഘോഷത്തിനിടെ കല്ലേറ്; സുരക്ഷശക്തമാക്കി പൊലീസ്

1 min read

അഹമ്മദാബാദ്: ഗുജറാത്തിലെ ഖേഡയില്‍ നവരാത്രി ആഘോഷത്തിനിടെ ഗര്‍ബ ചടങ്ങിന് നേരെയുണ്ടായ കല്ലേറില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഉന്ധേല ഗ്രാമത്തിലെ നവരാത്രി ആഘോഷത്തിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണമുണ്ടായതിന് പിന്നാലെ ഖേഡ ഡിഎസ്പി രാജേഷ് ഗാധിയ, ഖേഡ ലോക്കല്‍ ക്രൈംബ്രാഞ്ച് സംഘം എന്നിവര്‍ സ്ഥലത്തെത്തി. ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു. ഗ്രാമത്തിലെ പ്രധാന കേന്ദ്രമായ ജങ്ഷനിലാണ് ഗര്‍ബ പരിപാടി സംഘടിപ്പിച്ചത്. അതിനടുത്തായി ഒരു ക്ഷേത്രവും പള്ളിയുമുണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരും പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ മറ്റൊരു സമുദായത്തില്‍പ്പെട്ട സംഘം സ്ഥലത്തെത്തി പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കല്ലേറുണ്ടായത്.

പ്രദേശവാസികളായ ആരിഫ്, സാഹിര്‍ എന്നിവരാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. ആദ്യം പരിപാടിക്കിടെ സംഘം ശല്യമുണ്ടാക്കാന്‍ തുടങ്ങി. പിന്നീട് കല്ലേറുണ്ടായി. സംഭവത്തില്‍ 6 പേര്‍ക്ക് പരിക്കേറ്റെന്നും ഡിഎസ്പി രാജേഷ് ഗാധിയ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്നും കര്‍ശന നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഗ്രാമത്തില്‍ പൊലീസിനെ വിന്യസിക്കുകയും ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്‌തെന്നും പൊലീസ് വ്യക്തമാക്കി.

Related posts:

Leave a Reply

Your email address will not be published.