വിഴിഞ്ഞത്ത് ക്രൂ ചേയ്ഞ്ചിംഗ് അനുവദിക്കാന്‍ തടസം ഐഎസ്പിഎസ് കോഡ് ഇല്ലാത്തത്

1 min read

തിരുവനന്തപുരം: വിഴിഞ്ഞത്ത് ക്രൂ ചേയ്ഞ്ചിംഗ് കേന്ദ്രം അനുവദിക്കാന്‍ തടസം ഐഎസ്പിഎസ് കോഡ് ( ഇന്റര്‍നാഷണല്‍ ഷിപ്‌സ് ആന്റ് പോര്‍ട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡ് ) ഇല്ലാത്തത്. ഐ എസ് പി എസ് കോഡനുസരിച്ചുള്ള സുരക്ഷ ഒരുക്കാത്തതാണ് വിഴിഞ്ഞത്തെ ക്രൂ ചേഞ്ചിംഗ് നിര്‍ത്തലാക്കാന്‍ കാരണം. സര്‍ക്കാരിന് നല്ല വരുമാനം ലഭിച്ചിരുന്നെങ്കിലും 2 വര്‍ഷം പൂര്‍ത്തിയാക്കിയ ക്രൂ ചേഞ്ചിനുള്ള അനുമതി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഏതാനും മാസങ്ങളായി മുടങ്ങിയിക്കുകയാണ്. കോടിക്കണക്കിന് രൂപയാണ് സംസ്ഥാന സര്‍ക്കാരിന് ഇതുമൂലം നഷ്ടം.

ഐഎസ്പിഎസ് കോഡ് കൊണ്ട് വരാന്‍ പോര്‍ട്ട് ഡിപ്പാര്‍ട്‌മെന്റില്‍ നിന്നോ കേരള മാരിറ്റൈം ബോര്‍ഡില്‍ നിന്നോ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് സുക്ഷാ ഏജന്‍സികളുടെ പരാതി. ക്രൂ ചേഞ്ചിംഗിലൂടെ കോടികള്‍ വരുമാനം ഉണ്ടായെങ്കിലും 12 ലക്ഷത്തോളം രൂപ മാത്രം ചെലവാക്കി ക്യാമറകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ താല്പര്യം കാണിക്കുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. കൊവിഡ് പ്രതിസന്ധി കാലത്ത് ലോകത്തെ മറ്റ് തുറമുഖങ്ങളില്‍ ക്രൂ ചേയ്ഞ്ചിന് അനുമതി നിഷേധിച്ചപ്പോഴാണ്, നിയന്ത്രിത തോതില്‍ വിഴിഞ്ഞം തുറമുഖത്തിന് ക്രൂ ചേഞ്ചിംഗിന് അനുമതി ലഭിച്ചിരുന്നതെന്നതും ശ്രദ്ധേയം.

2020 22 കാലയളവില്‍ 736 മദ4 വെസ്സലുകളും സൂപ്പര്‍ ടാങ്കറുകളും ഇവിടെ ക്രൂ ചേയ്ഞ്ചിനായി അടുത്തു. ഇതുവഴി 10 കോടിയില്‍പ്പരം രൂപ തുറമുഖ വകുപ്പിന് വരുമാനമായും ലഭിച്ചു. ഇന്ത്യന്‍ പോര്‍ട്ടുകളില്‍ സാധാരണഗതിയില്‍ അടുക്കാത്ത വെസലുകളാണ് വിഴിഞ്ഞത്ത് ആങ്കറേജിന് വന്നിരുന്നത്. തന്മൂലം കേരളത്തിന് പ്രത്യക്ഷമായും പരോക്ഷമായും റവന്യൂ വരുമാനമുണ്ടായി. ഈ റവന്യൂ വരുമാനം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പരമാവധി നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞിരുന്നുവെങ്കിലും ഒന്നും നടപ്പായില്ല. ഇതിനിടെ വന്‍വരുമാന ലഭ്യതയുണ്ടായതോടെ സര്‍ക്കാര്‍ വിഴിഞ്ഞത്തിന് രാജ്യാന്തര ക്രൂ ചേഞ്ച് ആന്‍ഡ് ബങ്കറിങ് ടെര്‍മിനല്‍ എന്ന പദവി നല്‍കി. ക്രൂ ചെയ്ഞ്ചിങ്ങിന്റെ ഒന്നാം വാര്‍ഷികവും സംസ്ഥാന സര്‍ക്കാര്‍ ആഘോഷിച്ചിരുന്നു.

എന്താണ് ഐഎസ്പിഎസ് കോഡ് (ISPS Code)

രാജ്യവും അവയുടെ തീരപ്രദേശവും നേരിടുന്ന സുരക്ഷാ ഭീക്ഷണിയുടെ അടിസ്ഥാനത്തിലാണ് ഓരോ തുറമുഖത്തും ഐഎസ്പിഎസ് കോഡും സുരക്ഷാ മാനദണ്ഡങ്ങളും നിര്‍ണയിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ മെറ്റല്‍ ഡിക്ടക്ടര്‍, നിരീക്ഷണ ക്യാമറകള്‍, സ്‌കാനറുകള്‍ എന്നിവ സ്ഥാപിച്ച് സുരക്ഷ റപ്പാക്കിയ ശേഷമാണ് കേന്ദ്രം ഐഎസ്പിഎസ് കോഡ് അനുവദിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.