മലയാളി സൈനികന്‍ വൈശാഖിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി ചൊല്ലി ജന്മനാട്
1 min read
പാലക്കാട്: സിക്കിമില്‍ സൈനിക വാഹനാപകടത്തില്‍ മരിച്ച മാത്തൂര്‍ സ്വദേശി വൈശാഖിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി. ചുങ്കമന്നം എയുപി സ്‌കൂളിലെ പൊതുദര്‍ശനത്തിലേക്ക് നിരവധി പേര്‍ ഒഴുകിയെത്തി. മൃതദേഹം ഐവര്‍ മഠത്തില്‍ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു.
അതിര്‍ത്തിയിലെ കാവല്‍ കുപ്പായത്തില്‍ ഇനി വൈശാഖില്ല. ഇന്നലെ രാത്രി ജന്മനാട്ടില്‍ എത്തിച്ച മൃതദേഹം 8 മണി വരെ വീട്ടിലും പിന്നീട് ചുങ്കമന്നം സ്‌കൂളിലും പൊതുദര്‍ശനത്തിന് വെച്ചു. ഒരുനോക്ക് കാണാന്‍ നടാകെ ഒഴുകിയെത്തി. മന്ത്രി കെ കൃഷ്ണന്‍കുട്ടി സര്‍ക്കാരിനായി അന്തിമോപചാരം അര്‍പ്പിച്ചു. മാത്തൂറുകരുടെ പ്രിയപ്പെട്ട വൈശാഖിന് നിളയുടെ തീരത്ത് അന്ത്യവിശ്രമം.
221 ആര്‍ട്ടിലറി രജിമന്റില്‍ നായിക് ആയിരുന്ന വൈശാഖ് വെള്ളിയാഴ്ച്ച ഉണ്ടായാ സൈനിക വാഹനാപകടത്തിലാണ് മരിച്ചത്. ഒക്ടോബറിലാണ് അവസാനമായി വൈശാഖ് അവധിക്ക് വന്നത്. ഓണവും മകന്റെ പിറന്നാളും ആഘോഷിച്ച് പോയ ചെങ്ങണിയൂര്‍ കാവിലെ വീട്ടിലേക്ക് അവിചാരതിമയാണ് വൈശാഖിന്റെ വിയോഗ വാര്‍ത്ത എത്തിയത്. പുത്തന്‍ വീട്ടില്‍ സഹദേവന്റെയും വിജയകുമാരിയുടെയും മകനാണ് വൈശീഖ്. ഗീത ആണ് ഭാര്യ. തന്‍വിക് ആണ് മകന്‍.
ആര്‍മി ട്രക്ക് അപകടത്തില്‍പെട്ട് 16 സൈനികരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉത്തര സിക്കിമിലെ സേമ മേഖലയിലാണ് അപകടമുണ്ടായത്. ഉത്തര സിക്കിമിലെ ചാറ്റെനില്‍ നിന്നും താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്ന് സൈനിക ട്രക്കുകളില്‍ ഒന്നാണ് അപകടത്തില്‍പെട്ടത്. സേമ മേഖലയിലെ മലമുകളില്‍ വളവ് തിരിയുന്നതിനിടെ ട്രക്ക് തെന്നി മലയിടുക്കിലേക്ക് മറിയുകയായിരുന്നു. മൂന്ന് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരും 13 സൈനികരുമാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നാല് പേര്‍ ചികിത്സയിലാണ്.