വിലക്കിയിട്ടും കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നവര്‍ കേള്‍ക്കാനെത്തി ;തരൂര്‍

1 min read

കോഴിക്കോട്: മലബാര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ എന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ആവര്‍ത്തിച്ച് ശശി തരൂര്‍. വിലക്കിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന കെ മുരളീധരന്റെ ആരോപണം പാര്‍ട്ടി അന്വേഷിക്കട്ടെ എന്നാണ് തരൂര്‍ പറയുന്നത്. വിലക്കിയിട്ടും കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നവര്‍ കേള്‍ക്കാനെത്തിയെന്നും പ്രതികരിച്ചു. കോഴിക്കോടെ പരിപാടിയില്‍ നിറയെ കോണ്‍ഗ്രസുകാരുണ്ടായിരുന്നുവെന്ന് പറഞ്ഞ തരൂര്‍, തന്നെ ഭയപ്പെടുന്നത് എന്തിനെന്ന് മറ്റ് നേതാക്കള്‍ പറയട്ടെ എന്നും കൂട്ടിച്ചേര്‍ത്തു. മാഹി മലയാള കലാഗ്രാമത്തിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

ശശി തരൂരിനെ വിലക്കിയ സംഭവത്തില്‍ പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ് കെ മുരളീധരന്‍ എംപിയുടെ പരാമര്‍ശം. മുഖ്യമന്ത്രി കുപ്പായം ലക്ഷ്യമിട്ടവരാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് മുരളീധരന്‍ തുറന്നടിച്ചത്. വിഷയത്തില്‍ തന്റെ കൈയില്‍ നിന്ന് മറുപടി പ്രതീക്ഷിക്കേണ്ടെന്നാണ് വി ഡി സതീശന്‍ പറയുന്നത്. ശശി തരൂര്‍ വിഷയത്തില്‍ ഇനി കെപിസിസി പ്രസിഡന്റ് മറുപടി നല്‍കുമെന്നാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. അതേസമയം, നേതാക്കളെ പേരെടുത്ത് കുറ്റപ്പെടുത്തുന്നില്ലെങ്കിലും അന്വേഷണം വേണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെടുകയാണ് തരൂരും എം കെ രാഘവനും.

കോണ്‍ഗ്രസില്‍ പുതിയ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് വിലക്ക് വിവാദം. എന്നാല്‍, വിവാദം തരൂരിന്റെ വരവിന് ഗുണമായെന്നാണ് എം കെ രാഘവന്റെയും മറ്റും വിലയിരുത്തല്‍. വിവാദം കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കള്‍ക്കിടയില്‍ തന്നെ ഭിന്നിപ്പുണ്ടാക്കിയതോടെ തരൂരിനുള്ള സ്വീകാര്യത കൂടിയെന്നാണ് വിലയിരുത്തല്‍. ഇന്ന് മാഹിയില്‍ ടി പദ്മനാഭന്റെ പ്രതിമ അനാഛാദന പരിപാടിയില്‍ പങ്കെടുത്ത തരൂ!!ര്‍ നാളെ പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസ് ലീഗു നേതൃത്വങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ ഈ കൂടിക്കാഴ്ചയ്ക്കും പ്രാധാന്യമേറെയാണ്.

Related posts:

Leave a Reply

Your email address will not be published.