കാറില്‍ ചാരി നിന്ന തലശ്ശേരിയിലെ ആറ് വയസുകാരനെ ഉപദ്രവിച്ച രണ്ടാമത്തെയാളും പിടിയില്‍
1 min readകണ്ണൂര്‍ : തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ചവിട്ടേറ്റ ആറ് വയസുകാരനെ ഉപദ്രവിച്ച മറ്റൊരാള്‍ കൂടി പിടിയില്‍. പ്രതി മുഹമ്മദ് ഷിഹാദ്, കുട്ടിയെ ചവിട്ടിപ്പരിക്കേല്‍പ്പിക്കുന്നതിന് മുമ്പ് മറ്റൊരാള്‍ കൂടി കുട്ടിയെ ഉപദ്രവിച്ചതായി സിസിടിവിയില്‍ നിന്നും വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ടാമത്തെയാളെയും പിടികൂടിയത്. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പൊലീസ് കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി.
അതിനിടെ, കാറിന് ചാരിനിന്നതിന് കുട്ടിയെ ചവിട്ടിവീഴ്ത്തിയ കേസിലെ പ്രതി മുഹമ്മദ് ഷിഹാദ് കുട്ടിയുടെ തലക്കടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പൊലീസ് എഫ്ഐആറില്‍, ഷിഹാദ് കുട്ടിയുടെ തലയില്‍ അടിച്ചുവെന്നും കാല് കൊണ്ട് ചവിട്ടിയെന്നുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതില്‍ ചവിട്ടേല്‍ക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മറ്റൊരാളും കുട്ടിയുടെ തലക്ക് അടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.