സംസ്ഥാന രാഷ്ട്രീയത്തില്‍ ശക്തമായ ചുവടുറപ്പിക്കാന്‍ ശശിതരൂര്‍; നാല് ദിവസത്തെ മലബാര്‍ പര്യടനം
1 min readഎഐസിസി അവഗണന തുടരുമ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവട് ഉറപ്പിക്കാന്‍ ശശി തരൂര്‍ എംപി നീക്കം തുടങ്ങിയെന്ന് അഭ്യൂഹം. ലീഗിന്റെ കൂടി ആശിര്‍വാദത്തോടെയാണ് തരൂരിന്റെ നീക്കം. മലബാര്‍ പര്യടനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കേരളം തന്റെ നാടല്ലേയെന്നാണ് ശശി തരൂരിന്റെ പ്രതികരണം. ഞായറാഴ്ച മുതല്‍ നാല് ദിവസം നീളുന്ന തരൂരിന്റെ മലബാര്‍ പര്യടനം കേന്ദ്രീകരിച്ച് അഭ്യൂഹങ്ങള്‍ ശക്തമാകുകയാണ്.
കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ ആര്‍എസ്എസ് അനുകൂല നിലപാടില്‍ ഇടഞ്ഞ ലീഗ് നേതാക്കളെ കാണാന്‍ പാണക്കാട് സന്ദര്‍ശനം, രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക നേതാക്കളുമായുള്ള കൂടിക്കാഴ്ച, പൊതു പരിപാടികള്‍ എന്നിവയാണ് പര്യടനത്തിന്റെ ലക്ഷ്യം. എന്‍എസ്എസിനും സ്വീകാര്യനായെന്ന സൂചനയുമായി തരൂര്‍ മന്നം ജയന്തിയില്‍ മുഖ്യ അതിഥിയായേക്കുമെന്നും അഭ്യൂഹമുണ്ട്.
എഐസിസിയും കെപിസിസിയും അറിയാതെയുള്ള തരൂരിന്റെ യാത്രക്ക് ഏറെ പ്രധാന്യമുണ്ട്. ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നേതൃത്വത്തിന്റെ ഭീഷണി അവഗണിച്ച് തരൂരിന് പിന്തുണ പ്രഖ്യാപിച്ച എം കെ രാഘവന്‍ എംപിയാണ് പരിപാടികളുടെ ചുക്കാന്‍ പിടിക്കുന്നത്. തരൂരിന് അര്‍ഹമായ പ്രാധാന്യം നല്‍കണമെന്ന സന്ദേശവുമായി ലീഗും നീക്കത്തെ പിന്തുണക്കുന്നു. കെ മുരളീധരനടക്കം പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളും പ്രോത്സാഹനവുമായുണ്ട്.
അതേസമയം, തരൂരിനെ പ്രത്യേകിച്ച് ദൗത്യമൊന്നും ഏല്‍പിച്ചിട്ടില്ലെന്നാണ് എഐസിസിയുടെ പ്രതികരണം. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ ശശി തരൂര്‍ ഇപ്പോഴും പടിക്ക് പുറത്ത് തന്നെയാണ്. തെരഞ്ഞെടുപ്പിന് ശേഷം നടന്ന പാര്‍ട്ടി പുനസംഘടനകളിലൊന്നിലും തരൂരിനെ പരിഗണിച്ചിരുന്നില്ല. ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തി. പുനസംഘടനയോടെ പുതിയ പ്രവര്‍ത്തക സമിതിയിലേക്ക് എത്തുമെന്നാണ് തരൂര്‍ ക്യാമ്പിന്റെ പ്രതീക്ഷയെങ്കിലും നേതൃത്വം മൗനത്തിലാണ്.