ഭാഷാപഠനത്തിന് സചിത്ര പാഠപുസ്തകം

1 min read

മൂന്നാര്‍: ഗോത്ര വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്കായി സമഗ്ര ശിക്ഷാ കേരള നടപ്പാക്കുന്ന പഠിപ്പുറസി പദ്ധതി പ്രകാരമുള്ള പരിശീലന പരിപാടികള്‍ ആരംഭിച്ചു. ലിപിയില്ലാത്ത മുതുവാന്‍ ഭാഷയിലെ വാമൊഴിവാക്കുകള്‍ മലയാള ലിപിയില്‍ ചിത്രങ്ങളുടെ സഹായത്തോടെ കുട്ടികളെ എഴുതാനും വായിക്കാനും പഠിപ്പിക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. മൂന്നാര്‍ വിദ്യാഭ്യാസ ഉപജില്ലയിലെ ഇടമലക്കുടി, പള്ളനാട്, മറയൂര്‍, ചെമ്പകത്തൊഴുക്കുടി, ബൈസണ്‍വാലി, മാങ്കുളം കുറത്തിക്കുടി എന്നീ എല്‍ പി സ്‌കൂളുകളിലെ മുതുവാന്‍ സമുദായത്തില്‍ പെട്ട 3, 4 ക്ലാസുകളിലെ കുട്ടികള്‍ക്കാണ് പ്രത്യേകം തയ്യാറാക്കിയ പാഠപുസ്തകത്തിന്റെ സഹായത്തോടെ പരിശീലനം നല്‍കുന്നത്.

മലയാളത്തോടൊപ്പം മുതുവാന്‍ ഭാഷയും അറിയാവുന്ന അധ്യാപകരെയാണ് ഇതിനായി നിയമിച്ചിരിക്കുന്നത്. കുട്ടികളെ പഠിപ്പിക്കുന്നതിനായി സമഗശിക്ഷ സംസ്ഥാന കണ്‍സള്‍ട്ടന്റ് ഡോ.ടി.പി. കലാധരന്‍, കാലിക്കട്ട് യൂണിവേഴ്‌സിറ്റി മുന്‍ഡെപ്യൂട്ടി രജിസ്ട്രാര്‍ എം.എം. സചീന്ദ്രന്‍ എന്നിവരുടെ നേത്യത്വത്തില്‍ മുതുവാന്‍ വാമൊഴിവാക്കുകള്‍ മലയാളലിപിയില്‍ എഴുതിയ ‘സചിത്ര പാഠപുസ്തകം’ എന്ന പുസ്തകവും തയ്യാറാക്കിയിട്ടുണ്ട്. ഓരോ സ്‌കൂളിലെയും പഠനത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന 20 കുട്ടികളെ കണ്ടെത്തി അവര്‍ക്കാണ് 30 ദിവസം നീണ്ടു നില്‍ക്കുന്ന ആദ്യഘട്ട പരിശീലനം നല്‍കുന്നത്.

പുതിയ പാഠ്യപദ്ധതി ഉപയോഗിച്ച് പഠിപ്പിക്കാന്‍ തുടങ്ങിയതോടെ എല്ലാ സ്‌കൂളുകളിലെയും ഗോത്രവര്‍ഗ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക് പഠിക്കാനുള്ള താല്പര്യം വര്‍ധിച്ചതായി അധ്യാപകര്‍ പറഞ്ഞു. പഠിപ്പുറസി പദ്ധതിയുടെ പരിശീലന പരിപാടികള്‍ വിലയിരുത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പിലെ പ്രത്യേക സംഘം ഇടമലക്കുടിയിലെ എല്‍ പി സ്‌കൂളില്‍ സന്ദര്‍ശനം നടത്തി.

Related posts:

Leave a Reply

Your email address will not be published.