ശബരിമല നട ഇന്നു തുറക്കും
മേല്‍ശാന്തി നറുക്കെടുപ്പ് നാളെ
1 min read
തുലാമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ഇന്ന് വൈകിട്ട് നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങള്‍ തെളിയിക്കും. തുടര്‍ന്നു പതിനെട്ടാംപടിയിറങ്ങി ആഴി തെളിയിക്കുകയും ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുകയും ചെയ്യും. നാളെ മുതല്‍ 22 വരെ വിശേഷാല്‍ പൂജകള്‍ ഉണ്ടാകും. 22ന് രാത്രി 10ന് നട അടയ്ക്കും.
ശബരിമല, മാളികപ്പുറം എന്നിവിടങ്ങളിലേക്കുള്ള പുതിയ മേല്‍ശാന്തിമാരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നാളെ രാവിലെ 8ന് ഉഷഃപൂജയ്ക്കു ശേഷം നടക്കും. ശബരിമലയിലേക്ക് പത്തും മാളികപ്പുറത്തേക്ക് എട്ടും പേരാണ് പട്ടികയിലുള്ളത്. തന്ത്രി കണ്ഠര് രാജീവര്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍, ദേവസ്വം കമ്മിഷണര്‍ ബി.എസ്.പ്രകാശ്, നിരീക്ഷകന്‍ ജസ്റ്റിസ് ഭാസ്‌കരന്‍, സ്‌പെഷല്‍ കമ്മിഷണര്‍ എം.മനോജ്, എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തിലെ കൃത്തികേശ് വര്‍മ ശബരിമലയിലെയും പൗര്‍ണമി ജി. വര്‍മ മാളികപ്പുറത്തെയും മേല്‍ശാന്തിയെ കണ്ടെത്താനുള്ള കുറിയെടുക്കും.