കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ മോചനം വൈകും; വഴങ്ങാതെ നൈജീരിയ
1 min readനൈജീരിയ പിടിച്ചെടുത്ത ഹിറോയിക് ഇഡുന്‍ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാരുടെ മോചനം വൈകും. കപ്പല്‍ ജീവനക്കാരെ മോചിപ്പിക്കാന്‍ ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ സങ്കീര്‍ണമായ നിയമപ്രശ്‌നങ്ങളില്‍ കുരുങ്ങിയതോടെയാണ് ജീവനക്കാരുടെ മോചനം വൈകുമെന്ന് ഉറപ്പായത്. പ്രശ്‌നപരിഹാരം തേടി കപ്പല്‍ ജീവനക്കാര്‍ അന്താരാഷ്ട്ര ട്രിബ്യൂണലിനെ സമീപിച്ചതോടെ, നിയമപരമായ തീര്‍പ്പുണ്ടാകട്ടെ എന്ന നിലപാടിലേക്ക് നൈജീരിയ നീങ്ങിയിട്ടുണ്ട്. ക്രൂഡ് ഓയില്‍ മോഷണം, സമുദ്രാതിര്‍ത്തി ലംഘനം തുടങ്ങിയ പരാതികളില്‍ തീര്‍പ്പുണ്ടാകട്ടെയെന്ന നിലപാടില്‍ നൈജീരിയ ഉറച്ച് നില്‍ക്കുകയാണ്. ഇതിനിടെ, വന്‍ സൈനിക വലയത്തില്‍ 3 മലയാളികള്‍ ഉള്‍പ്പടെ 26 കപ്പല്‍ ജീവനക്കാരെ നൈജീരിയയില്‍ എത്തിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 12നാണ് ഹിറോയിക് ഇഡുന്‍ എന്ന ഓയില്‍ കപ്പല്‍ ദുരൂഹ സാഹചര്യത്തില്‍ ഇക്വറ്റോറിയല്‍ ഗിനി പിടികൂടിയത്. കപ്പലിലെ ജീവനക്കാരില്‍ ഒരാളായ കൊല്ലം സ്വദേശി വിജിത്ത് വിവരം ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറത്തു വിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് വിദേശകാര്യമന്ത്രാലയം നയതന്ത്ര ഇടപെടലുകള്‍ നടത്തിയെങ്കിലും 89 ദിവസങ്ങള്‍ക്ക് ശേഷം നൈജീരിയക്ക് കൈമാറുന്നത് വരെ ഈ നീക്കങ്ങളൊന്നും വിജയം കണ്ടില്ല. അബൂജയിലെ എംബസി വഴിയും, ഹൈക്കമ്മീഷന്‍ വഴിയും പല കുറി ഇടപെടലുകള്‍ നടത്തിയെന്നാണ് മന്ത്രാലയത്തിന്റെ അവകാശവാദം. പിടിയിലായ കപ്പല്‍ ജീവനക്കാരെ നേരിട്ട് ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞെന്നും എംഇഎ വ്യക്തമാക്കുന്നു.
നൈജീരിയയിലെ നിയമ കുരുക്ക് ഒഴിവാക്കാന്‍ അന്വേഷണം ഇന്ത്യയിലേക്കോ, ഇക്വറ്റോറിയല്‍ ഗിനിയിലേക്കോ മാറ്റണമെന്ന അഭ്യര്‍ത്ഥനയും വിജയിച്ചില്ല. നിയമത്തിന്റെ വഴിക്ക് കാര്യങ്ങള്‍ പോകട്ടേ എന്ന ഉറച്ച നിലപാട് നൈജീരിയ സ്വീകരിച്ചുവെന്നാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പിഴത്തുകയായി 20 ലക്ഷം ഡോളര്‍ അടച്ചെങ്കിലും കപ്പല്‍ പരിശോധിക്കണമെന്നാണ് അവരുടെ നിലപാട്. നൈജീരിയയിലെ അക്‌പോ ഓയില്‍ ഫീല്‍ഡില്‍ നിന്ന് ക്രൂഡ് ഓയില്‍ മോഷ്ടിച്ചുവെന്ന ആരോപണത്തില്‍ വിശദമായ അന്വേഷണം വേണം. കടല്‍ നിയമങ്ങള്‍ അട്ടിമറിച്ചതിലും അന്വേഷണം നടക്കേണ്ടിയിരിക്കുന്നു. പിടികൂടുന്നതിന് മുമ്പ് ഉപഗ്രഹവുമായുള്ള ബന്ധം കപ്പല്‍ വേര്‍പെടുത്തിയതിലും നൈജീരിയ ദുരൂഹത ആരോപിക്കുന്നുണ്ട്.
നിയമവിരുദ്ധമായി കപ്പല്‍ പിടിച്ചെടുത്തെന്നും ജീവനക്കാരെ തടവിലാക്കിയെന്നും കാണിച്ച് കപ്പല്‍ കമ്പനി നേരത്തെ അന്താരാഷ്ട്ര ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. നൈജീരിയയിലെ ഫെഡറല്‍ കോടതിയിലും കേസുണ്ട്. ഈ കേസുകളില്‍ തീരുമാനമാകട്ടെ, എന്നിട്ടാകാം മറ്റ് നടപടികള്‍ എന്ന നിലപാടിലേക്ക് നൈജീരിയ നീങ്ങിയതോടെ നയതന്ത്ര നീക്കങ്ങളെല്ലാം തടസ്സപ്പെട്ടിരിക്കുകയാണ്.