സിദ്ധരാമയ്യയുടെ കൈയ്യും പിടിച്ച് രാഹുലിന്റെ ‘കൂട്ടയോട്ടം’,

1 min read

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയ്ക്ക് വളരെ പ്രിയങ്കരമാണ്. കര്‍ണാടകയിലൂടെ പര്യടനം നടത്തുനന രാഹുലിനൊപ്പം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യയും ചേര്‍ന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍. യാത്രക്കൊപ്പം നടക്കാനെത്തിയ സിദ്ധരാമയ്യയുടെ കൈയ്യും പിടിച്ച് രാഹുല്‍ ഓടുന്നതാണ് വീഡിയോ. നിരവധി പേരാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനിടെ മറ്റ് നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും ഇരുവരെയും വളഞ്ഞ് സംരക്ഷണം തീര്‍ക്കുന്നതും വീഡിയോയില്‍ കാണാം.

സെപ്തംബര്‍ 30 നാണ് ഭരത് ജോഡോ യാത്ര ആരംഭിച്ചത്. ഒക്ടോബര്‍ 21 വരെ യാത്ര സംസ്ഥാനത്ത് തുടരും. റാലി കര്‍ണ്ണാടകയിലേക്ക് കടന്നതോടെ ഇരു ധ്രുവങ്ങളില്‍ തുടരുന്ന കര്‍ണാടക കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ സിദ്ധരാമയ്യയ്ക്കും മുന്‍ ക്യാബിനറ്റ് മന്ത്രി ഡി കെ ശിവകുമാറിനും തുല്യ പ്രാധാന്യം നല്‍കുന്നുവെന്ന് രാഹുല്‍ ഉറപ്പാക്കിയിരുന്നു. രണ്ട് എതിരാളികളായ നേതാക്കള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഐക്യത്തിന്റെ ശക്തമായ സന്ദേശം നല്‍കാനുമുള്ള ശ്രമം തുടരുകയാണ് രാഹുല്‍.

അതേസമയം കേരളത്തിലെ പോലെ തന്നെ ഭാരത് ജോഡോ യാത്രയിലെ സവര്‍ക്കര്‍ ഫ്‌ലെക്‌സ് കര്‍ണാടകത്തിലും വിവാദമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച സവര്‍ക്കറുടെ ഫോട്ടോയുള്ള ഫ്‌ലെക്‌സ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടത്.

കഴിഞ്ഞ ദിവസം മുതല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ എതിരാളികള്‍ വ്യാപകമായി ഈ ഫ്‌ലെക്‌സിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസ് എംഎല്‍എയായ എന്‍എ ഹാരീസിന്റെ പേരിലുള്ള ഫ്‌ലെക്‌സില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും, കോണ്‍ഗ്രസ് കര്‍ണാടക പ്രസിഡന്റ് ഡികെ ശിവകുമാറിന്റെയും ചിത്രങ്ങള്‍ ഫ്‌ലെക്‌സില്‍ ഉണ്ട്. ഒപ്പം രാഹുലിന്റെ നടക്കുന്ന ചിത്രവും ഉണ്ട്.

എന്നാല്‍ ഇത്തരത്തില്‍ ഒരു ചിത്രം കോണ്‍ഗ്രസ് വച്ചിട്ടില്ലെന്നാണ് കര്‍ണാടക കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ വിജയം കുറയ്ക്കാന്‍ ചില വര്‍ഗ്ഗീയ കക്ഷികള്‍ സ്ഥാപിച്ച വ്യാജ ഫ്‌ലെക്‌സാണ് ഇതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി അടക്കം ആലോചിക്കുന്നതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.