മിന്നല്‍ പണിമുടക്കിന് പിന്നാലെ കോഴിക്കോട് നിര്‍ത്തിയിട്ട സ്വകാര്യ ബസിന്റെ ചില്ല് തകര്‍ത്തു

1 min read

അത്തോളി: കോഴിക്കോട് അത്തോളി കരുമ്പാ പൊയിലില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസിന് നേരെ ആക്രമണം. കല്ലേറില്‍ ബസ്സിന്റെ ചില്ല് തകര്‍ന്നു. കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ കഴിഞ്ഞ ദിവസം സ്വകാര്യ ബസ്സ് മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. ചര്‍ച്ചയെ തുടര്‍ന്ന് ചില ബസുകള്‍ പണി മുടക്കില്‍ നിന്നും പിന്മാറി. അനുരഞ്ജന നീക്കത്തിന്റെ ഭാഗമായി സര്‍വ്വീസ് നടത്താന്‍ തീരുമാനിച്ച ബസ്സിന് നേരെയാണ് ഇന്ന് ആക്രമണം ഉണ്ടായത്.

ചര്‍ച്ചക്ക് ശേഷവും പണിമുടക്കില്‍ ഉറച്ച് നില്‍ക്കുന്ന സ്വകാര്യ ബസ്സ് ജീവനക്കാരാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. തുടര്‍ച്ചയായി ബസ്സ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നതിനെതിരെ ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി ഇന്നലെ തന്നെ പ്രശ്‌നം പരിഹരിച്ചിരുന്നു.

കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നതിനെതിരെ നാട്ടുകാരും രംഗത്ത് വന്നതിന് പിന്നാലെയായിരുന്നു അനുരഞ്ജന ചര്‍ച്ച. മിന്നല്‍ പണിമുടക്ക് നടത്തി നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന ബസ് ജീവനക്കാരുടെ നിലപാടില്‍ പ്രതിഷേധിച്ച് കുറ്റ്യാടി റൂട്ടില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ യാത്രക്കാര്‍ ബസുകള്‍ തടഞ്ഞ് പ്രതിഷേധം അറിയിച്ചിരുന്നു. കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ജീവനക്കാരുടെ ഈ നീക്കത്തിനെതിരെയാണ് സിപിഎമ്മിന്റെ നേതൃത്വത്തിലെ ഇന്നലെ സമരം നടത്തിയത്.

Related posts:

Leave a Reply

Your email address will not be published.