കൊഴിഞ്ഞാമ്പാറയില്‍ KSRTC ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; യുവാക്കള്‍ പ്രദേശവാസികളാണെന്ന് പൊലീസ്; പ്രതികള്‍ ഒളിവില്‍
1 min readപാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. പ്രദേശവാസികള്‍ തന്നെയാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. കെഎസ്ആര്‍ടിസി ചിറ്റൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ രാധാകൃഷ്ണനാണ് മര്‍ദ്ദനമേറ്റത്. ബസിന് കുറുകെ ബൈക്ക് നിര്‍ത്തി 2 യുവാക്കള്‍ മര്‍ദ്ദിക്കുകയായിരുന്നു. വൈകീട്ട് 7നാണ് സംഭവം. ഡ്രൈവര്‍ രാധാകൃഷ്ണന്‍ കൊഴിഞ്ഞാമ്പാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മര്‍ദ്ദിച്ചവരെ ആദ്യമായി കാണുകയാണെന്ന് ഇയാള്‍ പറയുന്നു.
എന്തിനാണ് മര്‍ദ്ദിച്ചത് എന്നറിയില്ലെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി. പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്ന ബസിന്റെ ഡ്രൈവറായിരുന്നു രാധാകൃഷ്ണന്‍. കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാന്‍ഡിലേക്ക് ബസ് കയറുന്നതിന് മുമ്പാണ് സംഭവം. ഇവര്‍ സഞ്ചരിച്ച ബൈക്കിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ യുവാക്കളെ മുന്‍പരിചയമില്ലെന്ന് രാധാകൃഷ്ണന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കേസായതോട് കൂടി യുവാക്കള്‍ ഒളിവിലാണ്.