ജോഡോ യാത്രക്കിടെ പോക്കറ്റടിച്ചതല്ല
പേഴ്‌സ് നഷ്ടമായതാണെന്ന് ആലപ്പുഴ കോണ്‍ഗ്രസ്സ് നേതാവ്.

1 min read

ആലപ്പുഴ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ 5000 രൂപ നഷ്ടപ്പെട്ടത് പോക്കറ്റടിച്ചല്ലെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ്. പണം പോക്കറ്റടിച്ചതല്ലെന്നും തിരക്കിനിടയില്‍ നഷ്ടപ്പെട്ടതാണെന്നും ബാബു പ്രസാദ് പറഞ്ഞു. രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് കവറിലിട്ട് പോക്കറ്റില്‍ വച്ചിരുന്ന പണം താഴെ വീണത്. തിരക്കിനിടയില്‍ അത് വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ അതിര്‍ത്തിയായ കൃഷ്ണപുരത്തെ സ്വീകരണത്തിനിടെയാണ് പണം നഷ്ടമായത്.

ബാബു പ്രസാദിന്റെ കൈവശമുണ്ടായിരുന്ന 5000 രൂപ പോക്കറ്റടിക്കപ്പെട്ടു എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. ഇതിനിടെയാണ് അദ്ദേഹം തിരുത്തുമായെത്തിയത്. ഭാരത് ജോഡോ യാത്രയ്ക്കിടെ പോക്കറ്റടിക്കാര്‍ നുഴഞ്ഞുകയറിയ സംഭവം മുന്‍പു റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവനന്തപുരം നേമത്തുവച്ച് തമിഴ്‌നാട്ടുകാരായ നാലു പേര്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ പോക്കറ്റടിക്കാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്..

തിരുവനന്തപുരത്തും കൊല്ലത്തും ആവേശമുയര്‍ത്തിയ ഭാരത് ജോഡോ യാത്ര ഇന്നു രാവിലെയാണ് കൃഷ്ണപുരത്തുവച്ച് ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചത്. രാഹുല്‍ ഗാന്ധി നയിക്കുന്ന പദയാത്ര 4 ദിവസമാണ് ജില്ലയില്‍ ഉണ്ടാകുക. 20ന് അരൂരില്‍ സമാപിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ജില്ലയിലെ പര്യടനത്തില്‍ 9 സ്ഥലങ്ങളില്‍ പൊതുയോഗങ്ങളും കലാപരിപാടികളും നടക്കും. യോഗങ്ങളില്‍ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ പ്രസംഗിക്കും. എല്ലാ ദിവസവും സമാപന വേദികളില്‍ മാത്രം രാഹുല്‍ ഗാന്ധി ലഘുപ്രസംഗം നടത്തും.

ഓച്ചിറ ക്ഷേത്രത്തിനു വടക്ക്, കായംകുളം ജിഡിഎം ഓഡിറ്റോറിയത്തിനു മുന്നില്‍, എന്‍ടിപിസി ജംക്ഷന്‍, ഒറ്റപ്പന, വണ്ടാനം മെഡിക്കല്‍ കോളജിനു സമീപം, പാതിരപ്പള്ളി കാമിലോട്ട് കണ്‍വന്‍ഷന്‍ സെന്റര്‍, കണിച്ചുകുളങ്ങര ജംക്ഷന്‍, കുത്തിയതോട് ജംക്ഷന്‍, അരൂര്‍ പള്ളി ജംക്ഷന്‍ എന്നിവിടങ്ങളിലാണ് പൊതുയോഗങ്ങള്‍.

Related posts:

Leave a Reply

Your email address will not be published.