പി.എഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസവിധി; 5000 ശമ്പള പരിധി റദ്ദാക്കി

1 min read

ന്യൂഡല്‍ഹി: പി.എഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസം. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധി സുപ്രീ കോടതി ഭാഗികമായി ശരിവെച്ചു.
വിധി നടപ്പാക്കുന്നത് ആറു മാസത്തേക്ക് കോടതി മരവിപ്പിച്ചിട്ടുണ്ട്. ഫണ്ട് കണ്ടെത്താന്‍ സര്‍ക്കാരിന് സാവകാശം നല്‍കുന്നതിനാണ് വിധി നടപ്പാക്കുന്നത് താല്‍ക്കാലികമായി മരവിപ്പിച്ചത്.

പെന്‍ഷന് നിശ്ചയിച്ച ശമ്പളപരിധി 15,000 രൂപയായി നിശ്ചയിച്ച കേന്ദ്ര ഉത്തരവും 1.16 ശതമാനം വിഹിതം തൊഴിലാളികള്‍ നല്‍കണമെന്ന ഭേദഗതിയും സുപ്രീംകോടതി റദ്ദാക്കി. പുതിയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാന്‍ നാല് മാസം കൂടി സമയം കോടതി അനുവദിക്കുകയും ചെയ്തു.

കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം വന്ന 2014 സെപ്റ്റംബര്‍ ഒന്നിനു മുമ്പ് ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാതെ വിരമിച്ചവര്‍ക്ക്‌ ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കില്ല. വിരമിക്കുന്നതിന് മുമ്പുള്ള അഞ്ച് വര്‍ഷത്തെ ശരാശരി ശമ്പളമായിരിക്കും പെന്‍ഷന്‍ നിശ്ചയിക്കുന്നതിന് കണക്കാക്കുക. കേരള ഹൈക്കോടതി വിധിപ്രകാരം ഇത് അവസാനത്തെ 12 മാസത്തെ ശമ്പളത്തിന്‍റെ ശരാശരിയായിരുന്നു.

കട്ട് ഓഫ് തീയതി കാരണം ഓപ്ഷന്‍ നല്‍കാന്‍ കഴിയാതെപോയ ജീവനക്കാര്‍ക്ക് ഒരവസരവും കൂടി നല്‍കണമെന്ന് ഉത്തരവ് പറയുന്നു. ഓപ്ഷന്‍ നല്‍കാന്‍ നാല് മാസത്തെ സമയപരിധിയാണ് അനുവദിച്ചിട്ടുള്ളത്. അതായത്, ഉയര്‍ന്ന പെന്‍ഷന്‍ സ്‌കീമിലേക്ക് മാറുന്നതിനായി, പെന്‍ഷന്‍ ഫണ്ടിലേക്ക് ഉയര്‍ന്ന തുക ഈടാക്കാനുള്ള ഓപ്ഷന്‍ ഇക്കാലയളവിനുള്ളില്‍ നല്‍കാവുന്നതാണ്.

കേന്ദ്രസര്‍ക്കാരും എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും നല്‍കിയ ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ശമ്പളത്തിന് ആനുപാതികമായ പെന്‍ഷന്‍ നല്‍കിയാല്‍ വലിയ സാമ്പത്തിക ബാധ്യതയാകുമെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.

Related posts:

Leave a Reply

Your email address will not be published.