അരവണയില്‍ ഉപയോഗിക്കുന്ന ഏലക്കയില്‍ കീടനാശിനിയുടെ അംശം

1 min read

പത്തനംതിട്ട: ശബരിമലയില്‍ വീണ്ടും അരവണ വിവാദം. ഒരു പതിറ്റാണ്ട് മുമ്പ് എലിവാലില്‍ തുടങ്ങിയതാണ് ശബരിമലയിലെ അരവണ നിര്‍മ്മാണത്തിലെ ആരോപണങ്ങള്‍. കരാറുകാര്‍ തമ്മിലുള്ള പക പരാതിയിലേക്കും പിന്നീട് കോടതി കയറുകയും ചെയ്യുന്നതോടെ വിവാദമാകും. തിരുവനന്തപുരം പഞ്ചമി പാക്കിന് ലഭിച്ച കരാര്‍ കാലത്താണ് അരവണയില്‍ എലിവാല്‍ കണ്ടെത്തിയതായി ആരോപണം ഉയര്‍ന്നത്.

അന്ന് ഏറെ വിവാദം ഉണ്ടായ എലിവാല്‍ സംഭവം കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തുന്നതിനും നിര്‍മ്മാണം ദേവസം ബോര്‍ഡ് ഏറ്റെടുത്ത് നേരിട്ട് നിര്‍മ്മിച്ച് വിതരണം നടത്തുന്നതിലും വരെ എത്തി. അരവണ കൂട്ടില്‍ ഉപയോഗിക്കുന്ന ഏലക്കയുടെ ഗുണനിലവാരമാണ് ഇപ്പോള്‍ കോടതി കയറിയിരിക്കുന്നത്. ഈ സീസണില്‍ ആദ്യം അരവണ കണ്ടൈനറിന്റെ ബലക്ഷയമായിരുന്നു പ്രശ്‌നം. ശബരിമല അരവണയിലെ ഏലയ്ക്കയില്‍ കീടനാശിനിയുടെ അംശമെന്ന് ലാബ് റിപ്പോര്‍ട്ട് വന്നതാണ് പുതിയ സംഭവം.

അരവണ പ്രസാദ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് ഗുണനിലവാരമില്ലാത്ത ഏലയ്ക്കയെന്നും ലാബ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. കീടനാശിനിയുടെ അംശം അടങ്ങിയ ഗുണനിലവാരമില്ലാത്ത ഏലയ്ക്കയാണ് ഉപയോഗിക്കുന്നതെന്നും പറയുന്നു. ലാബ് പരിശോധനാ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പരാതിയെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന. ഏലയ്ക്ക വിതരണം സംബന്ധിച്ച് അയ്യപ്പാ സ്‌പൈസസ് കമ്പനി നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി നടപടി. ലാബ് പരിശോധനാ റിപ്പോര്‍ട്ട് അടക്കം ഹൈക്കോടതി പരിഗണിക്കും.

അരവണ കൂട്ടിലേതടക്കം പ്രസാദ നിര്‍മ്മാണ സാധങ്ങളുടെ എല്ലാം ഗുണനിലവാരം നിലക്കലിലുള്ള ലാബില്‍ പരിശോധിക്കുന്നുണ്ടെന്നും ഇതില്‍ അപാകത ഉണ്ടായിട്ടില്ലെന്നും ദേവസം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്ത ഗോപന്‍ പറഞ്ഞു. പലപ്പോഴും കരാറുകാര്‍ തമ്മിലുള്ള പകയാണ് പരാതികള്‍ക്ക് പിന്നില്‍. സീസണ്‍ തുടങ്ങും മുമ്പ് തന്നെ അരവണ കണ്ടൈനറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു. എന്നാല്‍, ഇവയില്‍ അരവണ നിറച്ച ശേഷം യന്ത്ര സഹായത്തോടെ അടച്ചു സീല്‍ ചെയ്യുമ്പോള്‍ പൊട്ടിയത് വിവാദമായിരുന്നു. ഇതോടെ പഴയ കണ്ടൈനറുകള്‍ ഉപയോഗിച്ചാണ് ആദ്യം വിതരണം നടത്തിയത്. കോടതിയും ഇതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. കരാര്‍ കമ്പനി പുതിയ കണ്ടയ്‌നറുകള്‍ എത്തിച്ചാണ് ഇപ്പോള്‍ വിതരണം നടക്കുന്നത്. ഇതിനിടയിലാണ് ഏലക്ക വിവാദം.

Related posts:

Leave a Reply

Your email address will not be published.