സില്‍വര്‍ലൈന്‍ ആശങ്കകള്‍ക്ക് അവസാനമായില്ല

1 min read

കോട്ടയം : സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയെങ്കിലും പദ്ധതി പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കകള്‍ അവസാനിക്കുന്നില്ല. കെ റെയില്‍ വിരുദ്ധ സമരങ്ങളുടെ പേരില്‍ ചുമത്തിയ കേസുകളുടെ കാര്യത്തിലും സില്‍വര്‍ലൈന്‍ പാതയില്‍ ഉള്‍പ്പെട്ടതോടെ ക്രയവിക്രയം നിലച്ചു പോയ പുരയിടങ്ങളുടെ
ഭാവിയെ കുറിച്ചും സര്‍ക്കാര്‍ തുടരുന്ന മൗനമാണ് ജനങ്ങളുടെ ആശയക്കുഴപ്പത്തിന് കാരണം.

കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ക്രൂരമായ പൊലീസ് നടപടികള്‍ക്ക് വിധേയരായതിന്റെ അനുഭവം പറയാനുണ്ട് പദ്ധതി കടന്നു പോകുന്ന പതിനൊന്ന് ജില്ലകളിലെയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്ക്. ഇതിനു പുറമേയാണ് ഇവരില്‍ പലര്‍ക്കുമെതിരെ പൊലീസ് ചുമത്തിയ കേസുകള്‍. പൊതുമുതല്‍ നശീകരണം ഉള്‍പ്പെടെ ജാമ്യം കിട്ടാത്ത കേസുകളില്‍ തൊഴിലന്വേഷിക്കുന്ന ചെറുപ്പക്കാര്‍ മുതല്‍ സാധാരണക്കാരായ വീട്ടമ്മമാര്‍ വരെ പ്രതികളാണ്. പുതിയ സാഹചര്യത്തില്‍ ഈ കേസുകള്‍ കൂടി പിന്‍വലിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പ്രസക്തി ഏറുകയാണ്.

കെറെയില്‍ വിരുദ്ധ സമരങ്ങളുടെ പേരില്‍ ജനങ്ങള്‍ക്കെതിരെ കേസെടുത്ത് കഷ്ടപ്പെടുത്തണോ എന്ന ചോദ്യം ഹൈക്കോടതിയും ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സര്‍ക്കാരിനോട് ചോദിച്ചിരുന്നു. എന്നാല്‍ കേസില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് കഴിഞ്ഞ നിയമസഭ സമ്മേളനത്തിലും മുഖ്യമന്ത്രി നല്‍കിയത്. പദ്ധതി പ്രദേശത്തെ ഭൂമിയുടെ ക്രയവിക്രയം സാധാരണ നിലയിലാക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ല. അത്യാവശ്യങ്ങള്‍ക്ക് പോലും കെ റെയില്‍ മേഖലയിലെ ഭൂമിയുടെ ഈടില്‍ വായ്പ നല്‍കാന്‍ പൊതുമേഖലാ ബാങ്കുകള്‍ പോലും ഇപ്പോള്‍ തയാറാകുന്നില്ല. പദ്ധതി മരവിപ്പിച്ച സാഹചര്യത്തില്‍ കൃത്യമായ ഒരു ഉത്തരവിലൂടെ തന്നെ പദ്ധതി പ്രദേശത്തെ ഭൂമി ക്രയവിക്രയം സാധാരണ നിലയിലാക്കാന്‍ നടപടി വേണമെന്ന ആവശ്യവും ജനങ്ങള്‍ ശക്തമാക്കുകയാണ്.

Related posts:

Leave a Reply

Your email address will not be published.