‘ആംബുലന്‍സുകള്‍ ഗതാഗതയോഗ്യമെന്ന് ഉറപ്പു വരുത്തണം’

1 min read

കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗി, ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാകാത്തതിനാല്‍ ചികിത്സ വൈകി മരിച്ച സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍. ബീച്ച് ആശുപത്രി സൂപ്രണ്ടിനോടാണ് വിശദീകരണം തേടിയത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. സംഭവത്തില്‍ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനോടും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. സംസ്ഥാനത്ത് ആംബുലന്‍സുകള്‍ ഗതാഗതയോഗ്യമാണെന്ന് ഉറപ്പുവരുത്താനുള്ള നടപടി എടുക്കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കി. കോഴിക്കോട് സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ ആര്‍ടിഒയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.ബൈജുനാഥ് നിര്‍ദേശം നല്‍കി.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച രോഗി, കരുവന്‍തുരുത്തി സ്വദേശി കോയമോനാണ് കഴിഞ്ഞ ദിവസം ആംബുലന്‍സിനകത്ത് കുടുങ്ങിയത്. സ്‌കൂട്ടര്‍ ഇടിച്ചാണ് കോയമോന് പരിക്കേറ്റത്. തുടര്‍ന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോയമോനുമായെത്തിയ ആംബുലന്‍സിന്റെ വാതില്‍ തുറക്കാനായില്ല. മഴു ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് രോഗിയെ പുറത്തെത്തിച്ചത്. തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോയാമോനെ ബീച്ച് ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘത്തോടൊപ്പമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. കോയാമോന്റെ സുഹൃത്തുക്കളും ആംബുലന്‍സില്‍ ഉണ്ടായിരുന്നു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ പെട്ടന്ന് പുറത്തെത്തിക്കാനുള്ള മെഡിക്കല്‍ സംഘത്തിന്റെ നീക്കത്തിനിടെയാണ് വാതില്‍ കുടുങ്ങിയത്. തുറക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് വാതില്‍ പൊളിക്കേണ്ടി വന്നത്.

2002 മുതല്‍ ഈ ആംബുലന്‍സ് ബീച്ച് ആശുപത്രിയിലുണ്ട്. ആംബുലന്‍സിന്റെ കാലപ്പഴക്കമാണ് വാതില്‍ കുടുങ്ങുന്നതിലേക്ക് നയിച്ചതെന്നാണ് കോയാമോന്റെ ബന്ധുക്കളുടെ ആരോപണം. ആംബുലന്‍സിന്റെ കാലപ്പഴക്കം ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ഒപ്പമുണ്ടായിരുന്നവര്‍ ആരോപിച്ചു. ആംബുലന്‍സില്‍ വച്ച് സിപിആര്‍ കൊടുക്കാന്‍ പോലും ഡോക്ടര്‍ക്ക് സാധിച്ചിരുന്നില്ല. കോയമോനെ സ്‌ട്രെച്ചറില്‍ ബന്ധിപ്പിക്കുന്ന ബെല്‍റ്റ് പോലും ആംബുലന്‍സില്‍ ഇല്ലായിരുന്നുവെന്നും സഹപ്രവര്‍ത്തകനായ കിരണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് ബീച്ച് ആശുപത്രി സൂപ്രണ്ടില്‍ നിന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.