‘ഗർഭപാത്രത്തിൽ 9.5 സെ.മീ കീറൽ, ഐശ്വര്യ മരിച്ചത് രക്തം വാർന്ന്; എല്ലാം മറച്ചുവച്ചു; ആരോപണവുമായി കുടുംബം
1 min readപാലക്കാട് : യാക്കര തങ്കം ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. ജൂലൈ ആദ്യവാരം ചിറ്റൂർ തത്തമംഗലം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും നവജാതശിശുവും മരിച്ചത് ചികിത്സാ പിഴവു മൂലമാണെന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് ഡോക്ടർമാരെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടു.
ഐശ്വര്യയും കുഞ്ഞും മരിക്കാൻ കാരണം ഡോക്ടർമാരുടെ അനാസ്ഥയാണെന്നും അറസ്റ്റിലായ ഡോക്ടർമാരെ ഐഎംഎയിൽനിന്ന് പുറത്താക്കണമെന്നും നടപടിയെടുക്കണമെന്നും ഐശ്വര്യയുടെ കുടുംബം ആവശ്യപ്പെട്ടു. രക്തം കൊണ്ടുവരാൻ ആംബുലൻസ് ആവശ്യപ്പെട്ടപ്പോൾ തകരാറിലാണെന്നും വിട്ടുതരാൻ സാധിക്കില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഐശ്വര്യയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് അറിഞ്ഞിട്ടും സി–സെക്ഷൻ ചെയ്യാൻ തയാറായില്ല. ആശുപത്രിയിൽനിന്ന് ഒന്നര കിലോമീറ്റർ മാത്രം ദൂരെ താമസിക്കുന്ന ഡോ. പ്രിയദർശിനി എത്തിയത് പ്രസവം നടന്ന് ഒരു മണിക്കൂറിനു ശേഷമാണെന്നും കുടുംബം ആരോപിച്ചു.
ഡോ. അജിത്ത് സത്യാനന്ദനെതിരെ നേരത്തെയും കേസുകൾ ഉണ്ടായിട്ടുണ്ട്. നിരവധി നവജാത ശിശുക്കൾ മരണപ്പെട്ടിട്ടുണ്ട്. വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുത്തതു മൂലം ഐശ്വര്യയുടെ ഗർഭപാത്രത്തിൽ 9.5 സെന്റിമീറ്റർ കീറൽ ഉണ്ടായി. ഇത് കേസ് ഷീറ്റിൽ പറയുന്നില്ലെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് കുഞ്ഞിന്റെയും അമ്മയുടെയും മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു.
പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊണ്ടുപോകുമ്പോൾ, എടുത്തുമാറ്റിയ ഗർഭപാത്രം നൽകിയില്ല. പൊലീസ് ഇടപെട്ടാണ് ഗർഭപാത്രം പോസ്റ്റ്മോർട്ടം ചെയ്യാൻ കൊടുത്തതെന്നും അവർ പറയുന്നു. പ്രസവശേഷം ആദ്യ മണിക്കൂറിൽ ഐശ്വര്യയ്ക്ക് ലഭിക്കേണ്ട ചികിത്സകൾ നൽകിയിട്ടില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്-കുടുംബം ആരോപിക്കുന്നു.