പഞ്ചായത്ത് ശുചിമുറിക്ക് മുകളില്‍ അനധികൃതമായി നിര്‍മ്മിച്ച കട മുറികള്‍ പൊളിച്ച് നീക്കാന്‍ ഉത്തരവ്
1 min readമൂന്നാര്‍: റവന്യൂ എന്‍ ഒ സി ഇല്ലാതെ പഞ്ചായത്ത് ശുചി മുറികള്‍ക്ക് മുകളിലും വശത്തും നിര്‍മിച്ച കടമുറികള്‍ 15 ദിവസത്തിനകം പൊളിച്ച് നീക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്കാണ് കളക്ടര്‍ ഷീബാ ജോര്‍ജ് ഇന്നലെ വൈകിട്ട് ഉത്തരവ് നല്‍കിയത്. പെരിയ വരകവലയിലെ പഞ്ചായത്ത് ശുചി മുറിയുടെ മുകള്‍ നിലയില്‍ നിര്‍മിച്ച മുറികള്‍, ടൗണില്‍ ടാക്‌സി സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള ശുചി മുറിയുടെ വശത്തും മുകളിലുമായി നിര്‍മിച്ച കടമുറികള്‍ എന്നിവയാണ് 15 ദിവസത്തിനകം പൊളിച്ച് നീക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവ് നല്‍കിയത്.
പൊളിക്കല്‍ നടപടികള്‍ നിരീക്ഷിക്കാന്‍ ദേവികുളം തഹസീല്‍ദാര്‍ക്കും കളക്ടര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങളായ രണ്ട് പേര്‍, കടമുറികള്‍ നിര്‍മിച്ചത് അനധികൃതമായാണെന്ന് ചൂട്ടിക്കാട്ടി ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. മുന്‍പഞ്ചായത്ത് സെക്രട്ടറി എന്‍ഓസി ഇല്ലാതെ സ്വകാര്യ വ്യക്തികള്‍ക്ക് കടമുറികള്‍ പണിയാന്‍ അനുമതി നല്‍കിയെന്നും ഇവിടേക്ക് ശുചി മുറികളില്‍ നിന്നും അനധികൃതമായി വൈദ്യുതി കണക്ഷന്‍ നല്‍കിയതായും ചൂണ്ടിക്കാട്ടി ഇവ പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി നല്‍കിയത്.
പരാതി പരിഗണിച്ച ഹൈക്കോടതി ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണന്‍, 90 ദിവസത്തിനകം നടപടിയെടുക്കാന്‍ കഴിഞ്ഞ മെയ് 31 ന് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കലക്ടര്‍ നടത്തിയ പരിശോധനയില്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഗുരുതര ചട്ടലംഘനം നടത്തിയതായും സ്വകാര്യ വ്യക്തികള്‍ക്ക് പണം ചെലവഴിച്ച് സര്‍ക്കാര്‍ കെട്ടിടത്തില്‍ കടമുറികള്‍ പണിയാന്‍ സമ്മതം നല്‍കിയെന്നും കണ്ടെത്തി. കൂടാതെ അനധികൃതമായി നിര്‍മിച്ച കടകളില്‍ നിന്ന് വാടക ഈടാക്കിയതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവ പൊളിച്ച് നീക്കാന്‍ കലക്ടര്‍ ഉത്തരവ് നല്‍കിയത്.