ക്ഷേത്രവളപ്പിലേക്ക് മാലിന്യവും കുപ്പികളും എറിഞ്ഞു; ഒരാള്‍ അറസ്റ്റില്‍
1 min readതിരുവനന്തപുരം: വിഴിഞ്ഞം പുല്ലൂര്‍ക്കോണം ശ്രീകൃഷ്ണസ്വാമി ക്ഷേത്രവളപ്പില്‍ കുപ്പികളും മലിനവസ്തുക്കളും വലിച്ചെറിഞ്ഞ കേസില്‍ യുവാവിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലൂര്‍ക്കോണം സ്വദേശി സലാഹുദിന്‍ (33) ആണ് പിടിയിലായത്. ക്ഷേത്ര വളപ്പിലേക്ക് കുപ്പികള്‍ വലിച്ചെറിയുന്ന ദൃശ്യം സിസിടിവിയില്‍ നിന്ന് തിരിച്ചറിഞ്ഞാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ക്ഷേത്രത്തിന് എതിര്‍വശത്ത് താമസിക്കുന്ന പ്രതി ഇന്നലെ പുലര്‍ച്ചെ നാല് മണിയോടുകൂടി മാലിന്യവുമായെത്തി ക്ഷേത്രവളപ്പിലേക്ക് വലിച്ചെറിയുകയായിരുന്നു.
പതിവുപോലെ ഇന്നലെ വൈകുന്നേരം ക്ഷേത്രത്തില്‍ വിളക്ക് കത്തിക്കാന്‍ എത്തിയവരാണ് ശ്രീകോവിലിന് മുന്നില്‍ മദ്യക്കുപ്പികള്‍ പൊട്ടിച്ചിതറി കിടക്കുന്നത് കണ്ടത്. മണ്ണെണ്ണ പോലെയുള്ള എന്തോ ദ്രാവകവും കുപ്പികളില്‍ നിന്ന് ചിതറി കിടന്നിരുന്നു. ഒരു കുപ്പി പൊട്ടാത്ത നിലയിലും കിടന്നിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ് ക്ഷേത്ര ഭാരവാഹികള്‍ എത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസിന് കൈമാറുകയായിരുന്നു.
ഉടന്‍തന്നെ സ്ഥലത്ത് എത്തിയ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ എല്‍. സമ്പത്ത്, വിനോദ് , ലിജോ പി മണി എന്നിവരടങ്ങിയ സംഘം പ്രതിയെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. ഈയടുത്തായി ക്ഷേത്രത്തിന് നേരെ സമാനമായ ആക്രമണങ്ങള്‍ നടന്നിരുന്നെന്ന് ഭാരവാഹികള്‍ പറയുന്നു. ഇതെ തുടര്‍ന്നാണ് ക്ഷേത്രത്തില്‍ സിസിടിവി സ്ഥാപിച്ചത്. ക്ഷേത്രപറമ്പിലേക്ക് മാലിന്യങ്ങള്‍ എറിയുന്നത് പതിവാണെന്നും പ്രദേശത്തെ മതസൗഹാര്‍ദവും സമാധാന അന്തരീക്ഷവും തകര്‍ക്കാനുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയണമെന്നും ക്ഷേത്ര ഭാരവാഹികള്‍ ആവശ്യപ്പെട്ടു.