സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സൂചനാ പണിമുടക്ക് തുടങ്ങി

1 min read

തൃശ്ശൂര്‍: പ്രതിദിന വേതനം 1500 രൂപയാക്കണമെന്നത് ഉള്‍പ്പടെയുളള ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സൂചനാ പണിമുടക്ക് തൃശൂരില്‍ ആരംഭിച്ചു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനാണ് സമരവുമായി രംഗത്ത് എത്തിയിരിക്കുന്നത്. രാവിലെ പത്തിന് പടിഞ്ഞാറേക്കോട്ടയില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനം കളക്ട്രേറ്റില്‍ അവസാനിക്കും. ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റാതിരിക്കാന്‍ മൂന്നിലൊന്ന് ജീവനക്കാരേ സമരത്തിന്റെ ഭാഗമാകൂയെന്നും യുഎന്‍എ അറിയിച്ചിട്ടുണ്ട്.

അത്യാഹിത വിഭാഗം അടക്കമുള്ള അവശ്യ വിഭാഗങ്ങളെ സമരം ബാധിക്കരുതെന്ന് ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിന്‍ മേലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ദിവസവേതനം 1500 രൂപയാക്കുക, വേതനത്തിന്റെ 50 ശതമാനം ഇടക്കാലാശ്വാസമായി അനുവദിക്കുക, കരാര്‍ നിയമനം അവസാനിപ്പിക്കുക, തൊഴില്‍ വകുപ്പ് കര്‍ശനമായി നിയമങ്ങള്‍ നടപ്പാക്കുക, എല്ലാ സ്വകാര്യ ആശുപത്രികളും പരിശോധിച്ച് നിയമ ലംഘനം നടത്തുന്ന മാനേജ്‌മെന്റുകള്‍ക്കെതിരെ നടപടി എടുക്കുകയും അത്തരം ആശുപത്രികളുടെ പേര് നോട്ടീസ് ബോര്‍ഡുകളിലും പത്രങ്ങളിലും പ്രസിദ്ധപ്പെടുത്തുകയും ചെയ്യുക, രോഗി നഴ്‌സ് അനുപാതം നടപ്പാക്കുക, വ്യവസായ ബന്ധ സമിതിയില്‍ യു.എന്‍.എയുടെ രണ്ട് പ്രതിനിധികളെയെങ്കിലും ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്ന് സൂചന പണിമുടക്ക് നടത്തുന്നത്.

Related posts:

Leave a Reply

Your email address will not be published.