നിദ ഫാത്തിമയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കേരളം മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചു

1 min read

മുംബൈ: നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനെത്തിയ മലയാളി വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കേരളം മഹാരാഷ്ട്രയോട് ആവശ്യപ്പെട്ടു. മന്ത്രി വി ശിവന്‍കുട്ടിയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് കത്തയച്ചത്. കുട്ടിക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ലെന്ന ആരോപണവും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് മന്ത്രി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ സഹകരണവും കേരള സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും മന്ത്രി കത്തില്‍ അറിയിച്ചു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ ഉറപ്പ് നല്‍കിയെന്ന് ആലപ്പുഴ എംപി എഎം ആരിഫ് ഇന്ന് ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എംപിമാരായ ആരിഫും ബെന്നി ബഹന്നാനും ലോക്‌സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും ഇതിന് അനുമതി കിട്ടിയില്ല. തുടര്‍ന്ന് എംപി ആരിഫ് നേരിട്ട് കായിക മന്ത്രിയെ കണ്ട് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.

സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനെത്തിയ കേരളാ സംഘത്തിന് താമസ ഭക്ഷണ സൗകര്യങ്ങള്‍ നിഷേധിച്ചതും ഛര്‍ദ്ദിയെ തുടര്‍ന്ന് അതിലൊരു കുട്ടി മരണപ്പെട്ടതും സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നുമാണ് ലോക്‌സഭയില്‍ എംപിമാര്‍ ആവശ്യപ്പെട്ടത്. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സഹായധനം അടക്കമുള്ള കാര്യങ്ങളില്‍ ഉറപ്പ് കിട്ടിയതായി ആലപ്പുഴ എംപി പറഞ്ഞു

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമുണ്ടെങ്കിലും നിദയടക്കമുള്ള കുട്ടികളെ അയച്ച കേരളാ സൈക്കിള്‍ പോളോ അസോസിയേഷന് ദേശീയ ഫെഡറേഷന്റെ അംഗീകാരം ഇല്ല. ഹൈക്കോടതിയില്‍ നിന്നുള്ള ഉത്തരവുണ്ടായിട്ടും കുട്ടികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാതിരിക്കാനുള്ള കാരണം ഈ വിരോധമാണെന്നാണ് ആരോപണം. 2015 മുതല്‍ എല്ലാ വര്‍ഷവും കോടതി ഉത്തരവ് വാങ്ങിയാണ് കേരളാ സൈക്കിള്‍ പോളോ അസോസിയേഷന്‍ ടീമുകളെ അയക്കുന്നത്. എന്നാല്‍ യാത്ര പോവുന്നതല്ലാതെ ഒരിക്കല്‍ പോലും ടീം മത്സരിക്കാനിറങ്ങിയിട്ടില്ല. പല കാരണങ്ങള്‍ പറഞ്ഞ് എല്ലാ വര്‍ഷവും ദേശീയ ഫെഡറേഷന്‍ മത്സരവേദിയില്‍ നിന്ന് കേരളാ സംഘത്തെ മടക്കി അയക്കും. ചുരുക്കത്തില്‍ ഇതിനോടകം ലക്ഷക്കണക്കിന് രൂപ സ്‌പോട്‌സ് കൗണ്‍സില്‍ വഴി സര്‍ക്കാര്‍ വെറുതേ കളഞ്ഞു. പ്രശ്‌നത്തിന് ശാശ്വത പരിഹാരവും ഉണ്ടാക്കിയിട്ടില്ല.

Related posts:

Leave a Reply

Your email address will not be published.