അഞ്ജുശ്രീ മരിച്ചത് എലിവിഷം ഉള്ളില്‍ ചെന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍

1 min read

പരിയാരം: കാസര്‍കോട് സ്വദേശിനി അഞ്ജുശ്രീ പാര്‍വതിയുടെ മരണം എലിവിഷം അകത്തു ചെന്നാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. വിദ്യാര്‍ഥിനിയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നും മറ്റു വിഷാംശം അകത്തു ചെന്നാണെന്നും പരിയാരം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥിനിയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയ സര്‍ജന്‍ പൊലീസിനോട് സൂചിപ്പിച്ചിരുന്നു. ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിട്ടുണ്ടെന്നും വിഷം കരളിനെ ബാധിച്ചതിനെത്തുടര്‍ന്നാണു മരണമെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിന്റെ ലക്ഷണമാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്. ഇത് ശരിവയ്ക്കുന്നതാണ് പൊലീസ് നടത്തിയ പരിശോധനയിലെ കണ്ടെത്തല്‍. എലിവിഷത്തെ കുറിച്ച് മൊബൈലില്‍ സെര്‍ച്ച് ചെയ്തതിന്റെ വിവരങ്ങളും ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ രാസ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി സ്ഥിരികരിക്കുകയുള്ളു എന്നും പോലീസ് പറഞ്ഞു.

പെരുമ്പള ബേനൂര്‍ ശ്രീനിലയത്തില്‍ പരേതനായ എ.കുമാരന്‍ നായരുടെയും കെ.അംബികയുടെയും മകളായ അഞ്ജുശ്രീ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ 5.15നാണു മരിച്ചത്. 31ന് ഹോട്ടലില്‍നിന്ന് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തുവരുത്തിയ ഭക്ഷണം കഴിച്ചശേഷമായിരുന്നു മരണമെന്നു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും തുടര്‍ന്നു ഹോട്ടല്‍ ഉടമയെയും 2 ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

വിദ്യാര്‍ഥിനിയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നു തിരിച്ചറിഞ്ഞതോടെ ഇവരെ വിട്ടയച്ചു. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവിഭാഗവും ഹോട്ടല്‍ അടപ്പിച്ചു ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ.കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്നു അഞ്ജുശ്രീ.

Related posts:

Leave a Reply

Your email address will not be published.