വിഴിഞ്ഞത്ത് സമവായം വേണം: തരൂര്‍
1 min readകൊച്ചി : തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമായ വിഴിഞ്ഞത്ത് സമവായം വേണമെന്ന് ശശി തരൂര്‍ എംപി. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സമരസമിതിയുടെ ഭാഗത്ത് നിന്നും അതിന് വേണ്ട നടപടികള്‍ ഉണ്ടാകണം. മത്സ്യത്തൊഴിലാളികള്‍ വികസന വിരുദ്ധരല്ല. പ്രളയത്തില്‍ രക്ഷക്കെത്തിയവര്‍ക്കായി നമ്മള്‍ തിരിച്ച് എന്ത് ചെയ്തുവെന്നത് ചോദ്യമാണെന്നും തരൂര്‍ കൊച്ചിയില്‍ പറഞ്ഞു. കൊച്ചിയില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയുമായും തരൂര്‍ കൂടിക്കാഴ്ച നടത്തി.
കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും തരൂര്‍ മറുപടി നല്‍കി. കോട്ടയത്തെ പരിപാടിക്ക് എല്ലാരെയും അറിയിച്ചിട്ടാണ് താന്‍ പോയതെന്ന് തരൂര്‍ ആവര്‍ത്തിച്ചു. എന്‍സിപിയിലേക്കുള്ള പിസി ചാക്കോയുടെ ക്ഷണം തള്ളിയ തരൂര്‍, താന്‍ എന്‍സിപിയിലേക്ക് പോകുന്നില്ലെന്നും പിന്നെയല്ലെ സ്വാഗതം ചെയ്യേണ്ട കാര്യമുള്ളുവെന്നും കൂട്ടിച്ചേര്‍ത്തു.
അതേ സമയം, വിഴിഞ്ഞത്ത് ഇന്ന് സമാധാന ദൗത്യ സംഘം സന്ദര്‍ശനം നടത്തും. സംഘര്‍ഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഇന്ന് ഉച്ചയ്ക്ക് വിഴിഞ്ഞം സന്ദര്‍ശിക്കുന്നത്. ബിഷപ്പ് ഡോ. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപന്‍ ഡോ. ഗ്രബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പാളയം ഇമാം തുടങ്ങിയവരാണ് സമാധാന ദൗത്യ സംഘത്തില്‍ ഉള്ളത്. സംഘര്‍ഷത്തില്‍ പരിക്ക് പറ്റിയ മത്സ്യത്തൊഴിലാളികളെയും പൊലീസുകരെയും സംഘം സന്ദര്‍ശിക്കും. മുല്ലൂരിലെ സമരപ്പന്തലുകളും സന്ദര്‍ശിക്കും.