രാജധാനി എക്സ്പ്രസ്സിലെ യാത്ര ആസ്വദിച്ച് നാഗാലാന്റ് മുഖ്യമന്ത്രി.
1 min readഇന്ത്യന്‍ റെയില്‍വേയെ അഭിനന്ദിച്ചുകൊണ്ട് നാഗാലാന്റ് മന്ത്രി ടെംജെന്‍ ഇമ്ന അലോംഗ് സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റ് വൈറല്‍ ആകുകയാണ്. പോസ്റ്റ് കണ്ട രാജധാനി എക്സ്പ്രസ്സിലെ സ്ഥിരം യാത്രക്കാര്‍ക്ക് തെല്ലൊന്നുമല്ല സന്തോഷം. രാജാധാനി എക്സ്പ്രസ്സിലെ തന്റെ യാത്രയ്ക്കിടയില്‍ എടുത്ത ചിത്രത്തിനൊപ്പം ആണ് മന്ത്രി തന്റെ യാത്രാ വിശേഷം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്.
രാജധാനി എക്സ്പ്രസ്സില്‍ ഒരു തവണയെങ്കിലും യാത്ര ചെയ്തിട്ടുള്ളവരായിരിക്കും ഇന്ത്യക്കാരില്‍ ഏറിയ പങ്കും. ഇനി യാത്ര ചെയ്തിട്ടില്ലെങ്കില്‍ സ്ഥിരമായി കേട്ടിട്ടെങ്കിലും ഉണ്ടാകും. ഏതായാലും നാഗാലാന്റ് മന്ത്രി ടെംജെന്‍ ഇമ്ന അലോംഗിന്റെ കഴിഞ്ഞ ദിവസത്തെ ട്വിറ്റര്‍ പോസ്റ്റ് രാജാധാനി എക്സ്പ്രസ്സിന്റെ ഫാന്‍സിന് നന്നേ ബോധിച്ചു. മുമ്പ് ട്രെയിനില്‍ യാത്ര ചെയ്തിരുന്നവര്‍ പോലും പോസ്റ്റ് വൈറലായതോടെ പഴയ യാത്രാ ഓര്‍മ്മകള്‍ പങ്കിടുകയാണ് ഇപ്പോള്‍.
ഗുവാഹത്തിയില്‍ നിന്ന് ദിമാപൂരിലേക്കുള്ള തന്റെ യാത്രയ്ക്കിടയിലെ വിശേഷങ്ങളാണ് മന്ത്രി പങ്കിട്ടത്. ട്രെയിനില്‍ തനിക്ക് കിട്ടിയ ഭക്ഷണത്തിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. റൊട്ടിയും പരിപ്പും ചോറും മറ്റ് ചില കറികളും പ്ലേറ്റിലുണ്ടായിരുന്നു.
‘ജീവിതം ഒരു യാത്രയാണ്, യാത്ര ആസ്വദിക്കൂ; ഭക്ഷണമാണ് ജീവിതം, ഒരിക്കലും നിങ്ങളുടെ ഭക്ഷണം ഒഴിവാക്കരുത് ‘ എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. റെയില്‍വേ തനിക്ക് നല്കിയ ഭക്ഷണത്തിന് ഹൃദയപൂര്‍വം നന്ദി എന്നു പറഞ്ഞ അദ്ദേഹം പോസ്റ്റില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെയും ടാഗ് ചെയ്തിട്ടുണ്ട്.
പോസ്റ്റ് ചെറിയ സമയം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ടു. പോസ്റ്റിന് നിരവധി പ്രതികരണങ്ങളും 3.4k ലൈക്കുകളും ലഭിച്ചു. ചില കമന്റുകള്‍ക്ക് ടെംജെന്‍ ഇമ്ന അലോംഗും മറുപടി നല്‍കിയിട്ടുണ്ട്.