വിഴിഞ്ഞം സംഘര്‍ഷം തടയാന്‍ പൊലീസിന് പിണറായി അനുമതി കൊടുത്തില്ല: എംടി രമേശ്
1 min readകോഴിക്കോട്: വിഴിഞ്ഞം സമരത്തിന് പിന്നിലെ രാജ്യദ്രോഹ ശക്തികള്‍ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് പറയണം. സിപിഎം സംസ്ഥാന സെക്രട്ടറിയല്ല മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും രമേശ് പറഞ്ഞു.
വിഴിഞ്ഞം കലാപത്തില്‍ മുഖ്യമന്ത്രി പുലര്‍ത്തുന്ന മൗനം ദുരൂഹമാണ്. പൊലീസിനെ അക്രമിച്ചവര്‍ക്ക് എതിരെ കേസില്ല. സമാധാനപരമായി യോഗം നടത്തിയ ഹിന്ദു ഐക്യവേദി നേതാക്കള്‍ക്കെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി. വിഴിഞ്ഞം അക്രമം തടയാന്‍ പോലീസിനാകുമായിരുന്നു, രാഷ്ട്രീയ തീരുമാനത്തിനായി പോലീസ് കാത്തു. എന്നാല്‍ അതിനുള്ള അനുമതി നല്കാന് മുഖ്യമന്ത്രി തയ്യാറായില്ലെന്നും എംടി രമേശ് കുറ്റപ്പെടുത്തി.
അതേസമയം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പിനെതിരെ പൊലീസ് വീണ്ടും കേസെടുത്തു. ബിഷപ്പ് തോമസ് ജെ നെറ്റോക്കെതിരെയാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്. തുറമുഖ കവാടം ഉപരോധിച്ചതിനാണ് കേസ്. ആര്‍ച്ച് ബിഷപ്പിനെ പ്രതിയാക്കി ഇതേവരെ അഞ്ച് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.